രാവിലെ റോഡില്‍കൂടി നടന്നുപോയവര്‍ക്ക് നേരെ തെരുവുനായ് ആക്രമണം... കടിയേറ്റവര്‍ നിരവധി, നായ്ക്കള്‍ക്ക് പേവിഷബാധ ഉള്ളതായി സംശയം

രാവിലെ റോഡില്‍കൂടി നടന്നുപോയവര്‍ക്ക് നേരെ പത്തനംതിട്ടയില്‍ തെരുവുനായ് ആക്രമണം. നായ്കള്‍ക്ക് പേവിഷബാധ ഉള്ളതായി സംശയം. വകയാര്‍, കൊല്ലംപടി, കലഞ്ഞൂര്‍ മേഖലകളില്‍ നിരവധിപേരെ കടിച്ചു. കോന്നി കലഞ്ഞൂര്‍ മുതല്‍ വകയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ പാഞ്ഞ് നടന്ന് തെരുവുനായ് വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു.
ചെവ്വാഴ്ച രാവിലെ കലഞ്ഞൂര്‍ ഭാഗത്താണ് ആദ്യം നായുടെ ആക്രമണമുണ്ടായത്. രാവിലെ റോഡില്‍കൂടി നടന്നുപോയവരെയാണ് കടിച്ചത്. ലോട്ടറി വില്‍പനക്കാര്‍, ബസ് കാത്തുനിന്നവര്‍, കുട്ടികള്‍ തുടങ്ങിയവരെയെല്ലം കടിച്ചു. വീടുകളിലെ വളര്‍ത്തുമൃഗങ്ങളെയും കടിച്ചു. വകയാര്‍, കലഞ്ഞൂര്‍, കോന്നി, അതിരുങ്കല്‍, കൂടല്‍ എന്നിവിടങ്ങളില്‍നിന്നുള്ള 10പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു.
വകയാര്‍ സ്വദേശികളായ തോമസ് വര്‍ഗീസ്, ജിത്തുമിനി, കലഞ്ഞൂര്‍ സ്വദേശികളായ ജ്യോതികുമാര്‍, വൈഗ, രാജന്‍ നായര്‍, കോന്നി സ്വദേശികളായ അനില്‍കുമാര്‍, ഇതര സംസ്ഥാന തൊഴിലാളിയായ അജാസ് റഹ്മാന്‍, രാധ, സിദ്ധാര്‍ഥ് വിനോദ്, ദേവൂട്ടി എന്നിവരാണ് ചികിത്സ തേടിയത്. എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കി. കഴിഞ്ഞദിവസം ഇലന്തൂര്‍ വാര്യാപുരത്ത് നിരവധി പേരെയാണ് കടിച്ചത്. ഇവരെല്ലാം ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. രാവിലെയും സന്ധ്യസമയങ്ങളിലുമാണ് തെരുവുനായ് ശല്യം രൂക്ഷം. പത്തനംതിട്ട നഗരത്തിലും ശല്യം രൂക്ഷമാണ്. നഗരത്തിന്റെ പല പ്രദേശങ്ങളിലും രാത്രിസഞ്ചാരം പോലും സാധ്യമല്ല. ഇരുചക്ര വാഹനത്തിലടക്കം പോകുന്നവരുടെ നേരെ കുരച്ച് ചാടുന്നതും കടിക്കാന്‍ തുനിയുന്നതും പതിവാണ്.
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിലാണ് പത്തനംതിട്ട നഗരമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. റോഡിന് നടുവിലും വാഹനങ്ങള്‍ക്കരികിലും നടവഴിയിലുമെല്ലാം ഇവയുടെ ശല്യമാണ്. മാസങ്ങള്‍ക്ക് മുമ്ബും തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധിപേരാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മാലിന്യം തള്ളുന്ന സ്ഥലങ്ങളായ റിങ് റോഡിലും നഗരത്തിലെ ഇടവഴികളിലുമാണ് അധികവും വിഹരിക്കുന്നത്. സ്റ്റാന്‍ഡ് പരിസരത്തും പൊലീസ് സ്‌റ്റേഷന്‍ റോഡിലും ഡോക്ടേഴ്‌സ് ലൈന്‍ റോഡിലുമെല്ലാം തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്നു. വന്ധ്യംകരണ പദ്ധതി ഏറെനാളായി മുടങ്ങിക്കിടക്കുകയാണ്.
https://www.facebook.com/Malayalivartha