സഞ്ജന ജോണ്‍ ഫാഷന്‍ ലോകത്തേക്ക് കൈയ്യെത്തിപിടിച്ചത് എങ്ങനെ?

സഞ്ജന ജോണ്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരം പൂജപ്പുരയിലാണ്. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെ ഭാര്യ പ്രഭയുടെ സഹോദരീപുത്രിയാണ് സഞ്ജന ജോണ്‍. ചെന്നൈ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ സഞ്ജന സഹോദരനും അമേരിക്കന്‍ സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറുമായിരുന്ന ആനന്ദ് ജോണിന്റെ പാത പിന്തുടര്‍ന്നാണ് അമേരിക്കയിലെത്തിയത്.
ആനന്ദ് ജോണ്‍ ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റായിരിക്കെ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്താണ് തുടക്കം. ആനന്ദിന്റെ നിരന്തരമായ പ്രോത്സാഹനം സഞ്ജനയുടെ മനസില്‍ ഡിസൈനുകളുടെ വേലിയേറ്റമൊരുക്കി. ആനന്ദ് പീഡനക്കേസില്‍ 59 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോള്‍ സഞ്ജന സ്ഥാപനം ഏറ്റെടുത്തു. ഡിസൈനിംഗ് കല സ്വായത്തമാക്കിയതോടെ ഡല്‍ഹിയില്‍ ഒരു വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. 2004ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ താരങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതോടെ ഫാഷന്‍ ലോകം സഞ്ജനയെ അംഗീകരിച്ചു.
2006 സെപ്തംബറില്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ സ്വന്തമായി രൂപകല്പന ചെയ്ത സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍ അവതരിപ്പിച്ചതോടെ മുന്‍നിര സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍മാരിലൊരാളായി.ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ ക്ഷണമനുസരിച്ച് 2007ല്‍ ഇന്ത്യയിലും സഞ്ജന ഫാഷന്‍ ഷോ നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥമായിരുന്നു അത്.
മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സനേഹിക്കുന്ന സഞ്ജനയും ബിസനസുകാരിയായ അമ്മ ശശി എബ്രഹാമും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മകള്‍ ഇവാന്‍ക ട്രംപ്, മുന്‍ ലോകസുന്ദരിമാര്‍ തുടങ്ങിയവര്‍ സഞ്ജനയുടെ വസ്ത്രങ്ങളണിഞ്ഞ് ലോകശ്രദ്ധയാകര്‍ഷിച്ചവരില്‍ ചിലരാണ്. അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























