"ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല, കോൺഗ്രസ് വ്യത്തത്തിൽ ഒതുങ്ങാത്തയാളാണ് ശശി തരൂർ", കെ റെയിൽ നിലപാടിൽ ശശി തരൂരിനെതിരെ പരോക്ഷ വിമർശനവുമായി കെ സുധാകരൻ

ശശി തരൂരിനെതിരെ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല. തരൂര്‍ എന്ന വ്യക്തിയെയും ലോകപരിചയത്തെയും അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹം കോൺഗ്രസ് വ്യത്തത്തിൽ ഒതുങ്ങാത്തയാളാണ്. തരൂർ അദ്ദേഹത്തിന്റെ കാഴ്ചപാടുകൾ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല.
പക്ഷേ ആത്യന്തികമായി പാർട്ടി നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനും സാധിക്കണമെന്നാണ് കോൺഗ്രസിന്റെ അഭ്യർത്ഥനയെന്നും സുധാകരൻ വ്യക്തമാക്കി.
ശശി തരൂരിനെ നേരിൽ കണ്ട് സംസാരിക്കുമെന്നും വിമര്‍ശിക്കാനുള്ള കാരണം ചോദിച്ചറിയുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ശശി തരൂരിന്റെ പ്രതികരണം ലഭിച്ച ശേഷമേ കൂടുതല്‍ പ്രതികരിക്കൂ.
കെ റെയില്‍ വിഷയത്തില്‍ ആഴത്തില്‍ പഠിച്ചാണ് നിലപാട് എടുത്തത്. ആ തീരുമാനത്തില്‍ പിഴവില്ല എന്നതാണ് പാര്‍ട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള വാദം ശശി തരൂരിനുണ്ടോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. അങ്ങനെ ഉണ്ടെങ്കില്‍ തെറ്റ് തിരുത്തുന്നതിന് പ്രശ്നമില്ലല്ലോയെന്നും സുധാകരന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha

























