സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രഗംനാഥ് അന്തരിച്ചു; അന്ത്യം കൊവിഡ് ബാധിച്ച് കോട്ടയം മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

പ്രശസ്‌ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 72വയസായിരുന്നു. ജനുവരി 14ന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം സന്നിധാനത്തെത്തി അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.
1949ല്‍ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി ദേവമ്മാളിന്റെയും ആറ് മക്കളില്‍ മൂത്ത മകനായാണ് ജനനം. സിനിമ, നാടകം, ഭക്തിഗാനങ്ങള്‍ തുടങ്ങി തൊട്ടമേഖലയിലെല്ലാം അദ്ദേഹം നിറസാന്നിദ്ധ്യമായി.
മലയാളത്തിലും തമിഴിലും ചലച്ചിത്ര ഗാനരംഗത്തും ഭക്തിഗാന രംഗത്തും നിരവധി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രതിഭയെയാണ് നഷ്‌ടമായത്. എഴുപതുകളിലും എണ്‍പതുകളിലും നിരവധി ഹിറ്റ് ഗാനങ്ങള്‍ രംഗനാഥിന്റെ സംഗീത സംവിധാനത്തിലുണ്ടായി. 1973ല്‍ ജീസസ് എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തെത്തിയത്. ഈ ചിത്രത്തിലെ പി.ജയചന്ദ്രനും പി.ലീലയും ചേര്‍ന്ന് പാടിയ 'ഓശാന..ഓശാന' എന്ന ഗാനം വഴി അദ്ദേഹത്തിന്റെ സ്ഥാനം ചലച്ചിത്ര ലോകത്ത് ഉറപ്പിക്കപ്പെട്ടു.
പിന്നീട് പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും ഹിറ്റായി. അമ്ബാടി തന്നിലൊരുണ്ണി എന്ന ചിത്രത്തിലെ റീ റെക്കോഡിംഗിന് എ.ആര്‍ റഹ്‌മാന്‍ കീബോര്‍ഡ് വായിച്ചിരുന്നു.
അയ്യപ്പ ഭക്തിഗാനങ്ങളില്‍ പ്രസിദ്ധമായ 1982ല്‍ പുറത്തിറങ്ങിയ സ്വാമി സംഗീതത്തിലെ മുഴുവന്‍ ഗാനങ്ങളും അന്ന് ഹിറ്റായി. സ്വാമി സംഗീതം ആലപിക്കും, എന്മനം പൊന്നമ്ബലം, വൃശ്ചിക പൂംപുലരി,ശബരിഗിരി നാഥാ എന്നിവ അവയില്‍ ചിലതാണ്. എല്ലാ ദുഖവും തീര്‍ത്തുതരൂ എന്റയ്യാ തുടങ്ങി ഓരോ ഭക്തിഗാന പ്രേമികളുടെയും ചുണ്ടില്‍ തത്തിക്കളിക്കുന്ന നിരവധി ഗാനങ്ങള്‍ക്ക് ആലപ്പി രംഗനാഥ് സംഗീതസംവിധാനമേകി.
https://www.facebook.com/Malayalivartha



























