കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കേരളത്തില്‍ 90 സീറ്റിലധികം നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നും വോട്ടിംഗ് ശതമാനം കൂടാന്‍ കാരണം എസ്‌ഐആര്‍ ആണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിന്റെ അവകാശവാദം നടക്കില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
'ഉത്തരേന്ത്യയില്‍ കാണുന്നതുപോലെയുള്ള ചില വൈകൃതങ്ങള്‍വരെ കേരളത്തില്‍ കാണുകയുണ്ടായി. യുഡിഎഫും ബിജെപിയും പണം ഒഴുക്കി. പണം എറിഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമം ഉണ്ടായി. എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയനിലപാടുകള്‍ക്ക് വലിയ രീതിയില്‍ അംഗീകാരം ലഭിക്കുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 90ലധികം സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയത്. ഇപ്രാവശ്യവും ഞങ്ങള്‍ വിശദമായി പരിശോധിച്ചപ്പോള്‍ 90 സീറ്റുകളിലധികം നേടി വന്‍ഭൂരിപക്ഷത്തോടെ മൂന്നാം ടേമിലേക്ക് കടക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ദാരിദ്ര്യരഹിതകേരളം സൃഷ്ടിക്കുന്നതിനുള്ള അംഗീകാരം സ്വാഭാവികമായും ഈ തിരഞ്ഞെടുപ്പിലും സ്വാധീനിക്കും' എം വി ഗോവിന്ദന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. 'എല്ലാവര്‍ക്കും വോട്ടവകാശം ഉറപ്പുവരുത്തുന്നതിന് ഉത്തരവാദിത്തമുള്ള ഏജന്‍സിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം നിഷേധിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇത്തരത്തില്‍ ഇരുപതിനായിരത്തിലധികം പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്' എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























