കോണ്‍ഗ്രസിന് ഉന്മേഷം... കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുധാകരന് 2021ലെ ന്യൂസ്‌മേക്കര്‍ പുരസ്‌കാരം; വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍ എന്നിവരുടെ പട്ടികയിലേക്ക് കെ സുധാകരനും; കോണ്‍ഗ്രസിനുള്ളില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് സുധാകരന്

വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍ എന്നിവരുടെ പട്ടികയിലേക്ക് കെ സുധാകരനും എത്തുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് 2021ലെ വാര്‍ത്താതാരമായി. അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് കെ. സുധാകരന്‍ 'മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ 2021' പുരസ്‌കാരത്തിന് അര്‍ഹനായത്. കോണ്‍ഗ്രസിനുള്ളില്‍ ചുരുങ്ങിയ കാലംകൊണ്ട് നടപ്പാക്കിയ മാറ്റങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായി ന്യൂസ്‌മേക്കര്‍ തിരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് സുധാകരന്‍ പ്രതികരിച്ചു.
ന്യൂസ്‌മേക്കര്‍ അന്തിമ പട്ടികയിലെ നാലുപേരില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയാണ് കെ.സുധാകരന്‍ ന്യൂസ്‌മേക്കറായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അര്‍പ്പിക്കുന്ന വിശ്വാസവും ജനങ്ങളുടെ പ്രതീക്ഷയുമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രതികരിച്ച സുധാകരന്‍, വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുമെന്ന് കൂട്ടിച്ചേര്‍ത്തു.
2006ല്‍ ആരംഭിച്ച മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ രാഷ്ട്രീയനേതാവാണ് കെ.സുധാകരന്‍. വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍, കെ.കെ.െശൈലജ എന്നിവരാണ് മുന്‍പ് ന്യൂസ്‌മേക്കര്‍ പുരസ്‌കാരംനേടിയ രാഷ്ട്രീയനേതാക്കള്‍.
അതേസമയം കെ സുധാകരന്‍ സിപിഎം നേതാക്കള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളി തുടരുകയാണ്. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗീയ വിഷം തുപ്പുകയാണെന്നും അദ്ദേഹത്തിന്റെ വാ തുന്നിക്കെട്ടാന്‍ സി.പി.എം നേതൃത്വം തയ്യാറാകണമെന്നും കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരന്‍ കോടിയേരിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വര്‍ഗീയത ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാര്‍ട്ടിയാണ് സി.പി.എം. കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്. ശരിക്കും സിപിഎമ്മിന് എത്ര നിലപാടുണ്ടെന്നും സുധാകരന്‍ ചോദിച്ചു.
കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
വര്‍ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണം. യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വര്‍ഗ്ഗീയത തിരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാര്‍ട്ടിയാണ് സിപിഎം. അതേ സി പി എമ്മിന്റെ നേതാവ് കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്! ശരിക്കും നിങ്ങള്‍ക്ക് എത്ര നിലപാടുണ്ട്?
സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഈ രാജ്യത്ത് ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
യജമാനന്‍ അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല. ആര്‍എസ്എസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസുകള്‍ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സിപിഎം കോണ്‍ഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നത്. അധികാരം നിലനിര്‍ത്താനായി സമൂഹത്തില്‍ വര്‍ഗീയ വിഷം തുപ്പുന്ന ജീര്‍ണ്ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും കോടിയേരിയും സിപിഎമ്മും ഉടനടി പിന്‍മാറണം.
https://www.facebook.com/Malayalivartha



























