'ഞങ്ങടെ ധീരജിന്റെയും അഭിയുടെയും നെഞ്ചില്‍ കത്തിയിറക്കിയിട്ട് ഓടിയ നിഖില്‍ പൈലി എന്ന യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍, ധീരജിനെ താങ്ങിയെടുത്ത് സത്യന്‍ ചേട്ടന്റെ കാറില്‍ ആശുപത്രിയിലേക്ക് ഞങ്ങളോടുമ്പോള്‍ താഴെ റോഡിന്റെ അരികില്‍ വച്ച് എറിഞ്ഞിട്ട ഒരു ചിരിയുണ്ട്. മണ്ണടിഞ്ഞാലും മറക്കില്ല. നിലത്തു വീണ് കിടന്ന ധീരജിനെ നോക്കി എടുത്തോണ്ട് പോടാ ഇവനെ എന്ന് പറഞ്ഞ ജിതിന്‍ തോമസ് ഉപ്പുമാക്കന്റെ ശബ്ദം ഞങ്ങളുടെ കാതടപ്പിച്ചുകൊണ്ടേയിരിക്കും...' ടോണി കുറിക്കുന്നു
ഇടുക്കിയില്‍ രാഷ്ട്രീയപ്പകയിൽ ജീവൻ വെടിഞ്ഞ വിദ്യാര്‍ത്ഥി ധീരജിന്റെ സുഹൃത്ത് ടോണി കുര്യാകോസിന്റെ ഫേസ്ബുക് കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നു. കുത്തുകൊണ്ട് ധീരജിനെ കാറില്‍ കയറ്റുമ്പോള്‍ റോഡിന്റെ അരികില്‍ വച്ച് നിഖില്‍ പൈലി ചിരിച്ചുവെന്നും നിലത്തു വീണ് കിടന്ന ധീരജിനെ നോക്കി എടുത്തോണ്ട് പോടാ ഇവനെ എന്ന് ജിതിന്‍ തോമസ് ഉപ്പുമാക്കന്‍ പറഞ്ഞുവെന്നും ടോണിയുടെ ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മാനസികമായി കുറച്ചെങ്കിലും നിലനില്‍പ്പ് കിട്ടുന്നത് ഇന്നാണ്. കൂടെപിറപ്പൊരാളിന്റെ പ്രാണന്‍ മടിയില്‍ കിടന്ന് പിടയുന്നത് അനുഭവിക്കേണ്ടി വരിക എന്നത് താങ്ങാവുന്നതിലും എത്രയോ അപ്പുറമായിരുന്നു.
കത്തിയുമായി ധീരജടക്കമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വന്നു എന്ന് പറയുന്ന മറുനാടനും അഭിജിത് കൈരളിക്ക് കൊടുത്ത ബൈറ്റിന്റെ അറ്റവും മുറിയും പ്രചരിപ്പിച്ച് വെള്ള ചമയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരും, ഇരന്നുവാങ്ങിയ മരണമെന്ന് പരിഹസിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും, നിങ്ങള്‍ ഒരു വട്ടമെങ്കിലും ഞങ്ങളുടെ ധീരജിനോട് സംസാരിച്ചിട്ടുണ്ടോ?..
അഭിയോട് സംസാരിച്ചിട്ടുണ്ടോ?.. ധീരജിനെയും അഭിജിത്തിനെയും അമലിനെയും GECI യിലെ എസ്.എഫ്.ഐ ക്കാരെയും ആ ക്യാമ്പസിന് അറിയാം. രാവെളുക്കുവോളം താളം പിടിച്ചും പാട്ട് പാടിയും ഒപ്പമിരുന്ന ശമ്പുവിനെ ങ്ങങ്ങള്‍ക്കറിയാം. തൂവെള്ള കൊടിയും പിടിച്ച് മുദ്രാവാക്യം വിളിച് ഒപ്പമുണ്ടായിരുന്ന ധീരജിനെ ഞങ്ങള്‍ക്കറിയാം. ഒപ്പമുള്ളവന്റെ ഏത് പ്രശ്നത്തിലും ഓടി വന്നിരുന്ന ധീരജിനെ ഞങ്ങള്‍ക്കറിയാം. അവന്റെ പാട്ടേറ്റ് പാടാന്‍ ഞങ്ങളുള്ളപ്പോള്‍ അവന്‍ വിളിച്ച മുദ്രഗീതങ്ങള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ എറ്റുവിളിക്കാന്‍ ഞങ്ങളുള്ളപ്പോള്‍ ആരുടെ സാക്ഷ്യപത്രങ്ങളാണ് ഞങ്ങള്‍ക്കാവശ്യം?..
എന്നാല്‍,
ഞങ്ങടെ ധീരജിന്റെയും അഭിയുടെയും നെഞ്ചില്‍ കത്തിയിറക്കിയിട്ട് ഓടിയ നിഖില്‍ പൈലി എന്ന യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍, ധീരജിനെ താങ്ങിയെടുത്ത് സത്യന്‍ ചേട്ടന്റെ കാറില്‍ ആശുപത്രിയിലേക്ക് ഞങ്ങളോടുമ്ബോള്‍ താഴെ റോഡിന്റെ അരികില്‍ വച്ച് എറിഞ്ഞിട്ട ഒരു ചിരിയുണ്ട്. മണ്ണടിഞ്ഞാലും മറക്കില്ല. അമലിന്റെ നെഞ്ചില്‍ ടോണി തേക്കിലക്കാടന്‍ കത്തി വീശിയപ്പോള്‍ ഞങ്ങള്‍ക്കേറ്റ മുറിവുണ്ട്. അതൊരുകാലത്തും ഉണങ്ങില്ല. നിലത്തു വീണ് കിടന്ന ധീരജിനെ നോക്കി എടുത്തോണ്ട് പോടാ ഇവനെ എന്ന് പറഞ്ഞ ജിതിന്‍ തോമസ് ഉപ്പുമാക്കന്റെ ശബ്ദം ഞങ്ങളുടെ കാതടപ്പിച്ചുകൊണ്ടേയിരിക്കും. പ്രിയപ്പെട്ടവന്റെ ജീവനെടുക്കാന്‍ കൂടെ നിന്ന ജെറിന്‍ ജോജോയുടെയും നിതിന്‍ ലുക്കോസിന്റെയും സോയ്‌മോന്റെയും കൊലപാതകികളെ വിളിച്ചുവരുത്തിയ അലക്ക്സിന്റെയും സജിന്റെയുമടക്കം മുഖങ്ങളൊന്നും ഞങ്ങള്‍ മറവിക്ക് വിട്ടു കൊടുക്കാന്‍ തയ്യാറാവില്ല. കൊലയാളികളുടെ ചിത്രം പോലും കൊടുക്കാന്‍ മടിയുള്ള അവരേ പാലൂട്ടി വളര്‍ത്തിയ മാധ്യമങ്ങളെ ഞങ്ങള്‍ മറക്കില്ല.
അത്ര കൃത്യതയോടെ ഒരു ട്രെയിന്‍ഡ് ക്രിമിനല്‍ കൊലപാതകം നടത്തുന്ന പോലെ തന്നെ നിഖില്‍ പൈലി കത്തിയിറക്കിയ ധീരജിന്റെ നെഞ്ചില്‍ നിന്നും ഒരുപാടൊന്നും രക്തം പുറത്തേക്ക് വന്നിരുന്നില്ല. . പുറത്തേക്ക് വന്ന ചോരയൊക്കെ എന്റെ മുണ്ടിലും ഷര്‍ട്ടിലുമായി ഇപ്പോഴുമുണ്ട്. അത് എന്നുമുണ്ടാകും. 'അവനെ ഒന്നുടെ നോക്ക്..
അവനൊന്നും പറ്റിയിട്ടുണ്ടാവില്ല' എന്ന് കരഞ്ഞു പറഞ്ഞ എന്റെ ശ്രീരാഗിന്റെയും അര്‍ജുന്റെയും അമറിന്റെയും നൂറു നൂറ് കുട്ടികളുടെയും മുഖം മനസ്സില്‍ കിടന്ന് നീറുന്നുണ്ട്. ആ നീറ്റല്‍ അങ്ങനെ ഒടുങ്ങില്ല. ഒരു പക്ഷെ നാളെ ഞാനും നിങ്ങളുമൊക്കെ വീണുപോയേക്കാം. എന്നാലും ഒരിഞ്ച് പോലും പിറകോട്ട് പോവരുത്. വെട്ടേറ്റ മരങ്ങള്‍ക്ക് ഇടിവെട്ടുന്നൊരു കഴിവുണ്ട് എന്ന് ഓര്‍ത്ത് കൊള്ളുക.
https://www.facebook.com/Malayalivartha


























