വൈകിയുള്ള വിവാഹവും കുട്ടികളെ വളർത്താൻ താൽപര്യമില്ലായ്മയും; ചൈനയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ: രാജ്യം ആശങ്കയിൽ

ചൈനയിൽ ജനനനിരക്ക് ക്രമാതീതമായി കുറയുന്നതായി റിപ്പോർട്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2021 ൽ ആയിരം പേർക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് 2021ൽ രേഖപ്പെടുത്തിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ൽ ആയിരം പേർക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്.
ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍ മൂലമാണ് ജനനനിരക്ക് കുത്തനെ കുറഞ്ഞത്. ജനസംഖ്യ കുറയുന്നതിനെ മറികടക്കാൻ മൂന്നു കുട്ടികൾ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ ഓഗസ്റ്റിൽ ചൈന അംഗീകാരം നൽകിയിരുന്നു.
യുവജനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടർന്നാണ് ചൈന നിയമം തിരുത്തിയെഴുതിയത്. രാജ്യത്തെ യുവാക്കൾക്ക് വിവാഹിതരാകാനും കുട്ടികളുണ്ടാകാനും താത്പര്യം കുറഞ്ഞുവരുന്നതായാണ് റിപ്പോർട്ട്. ഉയർന്ന ജോലി സമ്മർദം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്രം, ഉയർന്ന ജീവിത ചെലവ് തുടങ്ങിയ ഘടകങ്ങളും ജനനനിരക്കിനെ സ്വാധീനിച്ചതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ബാധ്യതയാകുമെന്ന് കരുതിയാണ് പല ദമ്പതികളും ഒന്നിലധികം കുട്ടികളെന്ന ആഗ്രഹം ഉപേക്ഷിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി നടപ്പാക്കിയ ഒറ്റക്കുട്ടി നയം 400 ദശലക്ഷത്തികം ജനനങ്ങൾ തടഞ്ഞുവെന്ന് ചൈനീസ് അധികൃതർ പറയുന്നു.
ഇങ്ങനെപോയാൽ മരണ നിരക്കിനേക്കാളും ജനനനിരക്ക് കുറയുന്ന പ്രതിഭാസത്തിനും അടുത്ത വർഷത്തോടെ രാജ്യം സാക്ഷ്യം വഹിച്ചേക്കാം. വൈകി വിവാഹം കഴിക്കുന്ന പ്രവണതയാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഇതും കുട്ടികളുടെ എണ്ണം കുറയ്ക്കുന്നു. നവജാത ശിശുക്കൾക്കും കുട്ടികൾക്കും മികച്ച പരിചരണം സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതിരുന്നാൽ ഇനിയും ജനസംഖ്യ കുറയുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
https://www.facebook.com/Malayalivartha


























