സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനംനല്‍കി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച യുവതി പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയ വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനി സാത്തി ബീവി (25)യെ കൊരട്ടി പോലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണു കേസിനാസ്പദമായ സംഭവമുണ്ടായത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയ സമയം പെണ്‍കുട്ടിയുടെ ബംഗാള്‍ സ്വദേശിയായ സുഹൃത്തിനെ ക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു പ്രലോഭിപ്പിച്ചാണു പെരുമ്പാവൂരിലേക്കു കൊണ്ടുപോയത്.
മാതാപിതാക്കളഉടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണു കാണാതായ പെണ്‍കുട്ടിയേയും പ്രതിയേയും ശനിയാഴ്ച രാത്രി പെരുന്പാവൂരില്‍ നിന്നും കണ്ടെത്തിയത്.
മൂര്‍ഷിദാബാദിലുള്ള ഭര്‍ത്താവ് അറിയാതെ പെരുമ്പാവൂരില്‍ ജോലി ചെയ്യുന്ന കാമുകനെ കാണാന്‍ വന്നതാണെന്നും, പെണ്‍കുട്ടിയേയും കൂട്ടി കോല്‍ക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോടു സമ്മതിച്ചു.
ട്രെയിന്‍ മാര്‍ഗം കൊല്‍ക്കത്തയിലേക്കു പോകുമ്പോള്‍ പോലീസ് പരിശോധനയില്‍ പിടിയിലാകാനുള്ള സാധ്യത കൂടുതലാണെന്നു മനസിലാക്കിയ പ്രതി അന്തര്‍സംസ്ഥാന ബസുകളിലാണു പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ചത്.
നിരവധി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ട്രാവല്‍ ഏജന്‍സികളില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയുമായി രാത്രി യാത്രക്ക് ബുക്ക് ചെയ്ത യാത്രാരേഖകള്‍ കണ്ടെത്തി.
തുടര്‍ന്ന് പോലീസ് മഫ്തിയില്‍ ട്രാവല്‍ ഏജന്‍സി ഓഫീസിലും യാത്രക്കാരെന്ന വ്യാജേന ബസിലും കയറി രഹസ്യമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























