കഥകള്‍ മാറുന്നു കളിയും... കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു അറസ്റ്റിനു കൂടി സാധ്യത; കേസിലെ പ്രധാന ദൃശ്യങ്ങള്‍ പൊലീസിന് നല്‍കാതെ ഒളിപ്പിച്ച വ്യക്തിയിലേക്ക് അന്വേഷണം നീളുന്നു; ദൃശ്യങ്ങള്‍ ഒളിപ്പിച്ചു തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടി വീഴും

കേരള പോലീസ് വര്‍ഷങ്ങളായി തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും കൊച്ചിയില്‍ നടിയെ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള ഒറിജിനല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ അതിനും തുമ്പുണ്ടായിരിക്കുന്നു. ഇതോടെ ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ ഒരു അറസ്റ്റിനു കൂടി സാധ്യത.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ദേ പുട്ട് ഹോട്ടലിന്റെ ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി. അബ്ദുല്ല എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു കേസിലെ പ്രധാന ദൃശ്യങ്ങള്‍ പൊലീസിനു നല്‍കാതെ ഒളിപ്പിച്ച വ്യക്തിയിലേക്കും അന്വേഷണം നീളുന്നത്. പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയതോടെ ഇതിന്റെ അസല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പൊലീസ് ഉപേക്ഷിച്ചിരുന്നു.
തുടരന്വേഷണത്തില്‍ ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികളെ സംരക്ഷിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചു തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ച കുറ്റത്തിനു കേസെടുക്കാന്‍ ഒരുങ്ങുന്നത്. പ്രധാനപ്പെട്ട ഈ തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും തെളിവു നശിപ്പിച്ച കുറ്റം ചുമത്തി ആരെയും പിടികൂടിയിരുന്നില്ല. മുഖ്യ പ്രതിയായ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചതായി പ്രതി തന്നെ വെളിപ്പെടുത്തിയ 2 അഭിഭാഷകരെ എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിരുന്നെങ്കിലും പിന്നീടു പ്രതിപ്പട്ടികയില്‍ നിന്നു നീക്കം ചെയ്തിരുന്നു.
ഹൈക്കോടതിയുടെ അനുമതിയോടെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതോടെ പ്രധാന തൊണ്ടി മുതലും അത് ഒളിപ്പിച്ചതും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയുടെ മുന്‍പിലെത്തും. കേസില്‍ ഒരു കുറ്റപത്രം മാത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചതെങ്കിലും 3 ഘട്ടമായാണ് അന്വേഷണം ഇതുവരെയെത്തിയത്. പള്‍സര്‍ സുനിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തതോടെ അവസാനിച്ചതാണ് ഒന്നാം ഘട്ടം. ഇതിനിടെ പീഡനക്കേസിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു ലഭിച്ചെങ്കിലും അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിക്കുമെന്നു കരുതിയതല്ല.
പള്‍സര്‍ സുനി അയച്ച കത്തിലൂടെയാണു ദിലീപിന്റെ പങ്കാളിത്തം ആദ്യമായി പുറത്തുവന്നത്. അപ്പോഴും തൊണ്ടി മുതല്‍ ഒളിപ്പിച്ചതിനോ നശിപ്പിച്ചതിനോ കേസ് പ്രോസിക്യൂഷനുണ്ടായിരുന്നില്ല. ഈ പോരായ്മ നികത്തുന്നതാണു ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇപ്പോള്‍ നടത്തുന്ന തുടരന്വേഷണം.
ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത കൂട്ടാളിയായ ആലുവ സ്വദേശി ശരത്തിന്റെ തോട്ടുമുഖത്തെ വീട്ടിലും ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിലും ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി പരിശോധന നടത്തി.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖയില്‍ ശരത്തിന്റെ ശബ്ദവും തിരിച്ചറിഞ്ഞതും ദിലീപിന്റെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ല നല്‍കിയ മൊഴികളുമാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചത്. ഉച്ചയ്ക്ക് 3.30ന് ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധന രാത്രി 8.30നാണു പൂര്‍ത്തിയായത്.
നിലവില്‍ അന്വേഷണം ശരത്തിലാണ് എത്തിനില്‍ക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ എസ്പി കൂടുതല്‍ വിവരങ്ങള്‍ ഇന്നു കോടതിയില്‍ നല്‍കുമെന്നും പറഞ്ഞു. കേസിലെ വിഐപി ശരത് ആണെന്നാണു പൊലീസ് നല്‍കുന്ന സൂചന.
"
https://www.facebook.com/Malayalivartha

























