യോഗി ആരാ മോന്‍... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിമാരെ ഉള്‍പ്പെടെ അടര്‍ത്തി അഖിലേഷ് യാദവ്; അതേ നാണയത്തില്‍ തിരിച്ചടിച്ച് യോഗി; കുടുംബത്ത് കയറി അപര്‍ണയെ അടര്‍ത്തി യോഗിയും ടീമും; അപര്‍ണ ശ്രദ്ധ നേടുന്നു

ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ദിവസം അടുക്കും തോറും വലിയ ട്വിസ്റ്റാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 10 നാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.
അതിന് മുമ്പ് എതിര്‍ ചേരിയില്‍ നിന്നും പരമാവധി പേരെ അടര്‍ത്തി മാറ്റാനാണ് ശ്രമിക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നു മന്ത്രിമാരെ പാര്‍ട്ടിയിലെത്തിച്ചു സമാജ്‌വാദി പാര്‍ട്ടി ആദ്യ നേട്ടം കൊയ്തു. എന്നാല്‍ അഖിലേഷ് യാദവിന്റെ കുടുംബത്തു കയറി സമാജ്‌വാദി പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ മറുപടി.
യുപി മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്ന അഖിലേഷ് യാദവിന്റെ സഹോദരന്റെ ഭാര്യയാണ് അപര്‍ണ യാദവിനെയാണ് റാഞ്ചിയത്. സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവിനെ പാര്‍ട്ടിയിലെത്തിച്ചു തിരിച്ചടിച്ചിരിക്കുകയാണ് ബിജെപി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനശൈലിയും സ്വച്ഛ് ഭാരത്, സ്ത്രീകള്‍ക്കു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍, തൊഴില്‍ രംഗത്തെ ഉയര്‍ച്ച എന്നിവ കണക്കിലെടുത്താണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അപര്‍ണ പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയാണ് എന്റെ പ്രഥമ പരിഗണന. മോദിയുടെ പ്രവര്‍ത്തനത്തെ ഞാന്‍ ആരാധിക്കുന്നു. ബിജെപിയോട് വളരെയധികം നന്ദി പറയാനുണ്ട്. ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അപര്‍ണ പറഞ്ഞു. 2017ലെ നിയമസഭ തിരഞ്ഞടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട ലക്‌നൗ കന്റോണ്‍മെന്റ് സീറ്റ് അപര്‍ണ വീണ്ടും ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലാണ് 2017ല്‍ അപര്‍ണ മത്സരിച്ചത്.
സമാജ്‌വാദി പാര്‍ട്ടിയുടെ ഉന്നത നേതാവ് മുലായം സിങ് യാദവിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ യാദവ്. മുലായത്തിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടെ മകനാണ് പ്രതീക്. ഒന്നാം ഭാര്യ മാലതി ദേവിയുടെ മകനാണ് അഖിലേഷ്. അഖിലേഷിന്റെ അര്‍ധ സഹോദരനാണ് പ്രതീക്.
മാധ്യമപ്രവര്‍ത്തകനായ അരവിന്ദ് സിങ് ബിഷ്ടിന്റെ മകളാണ് അപര്‍ണ. അമ്മ ലക്‌നൗ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫിസറായി ജോലി ചെയ്യുന്നു. ലക്‌നൗവിലെ പ്രശസ്തമായ ലോറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ വിദ്യാഭ്യാസം. യുകെയിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷനില്‍ എംഎ. 2011ല്‍ പ്രതീകുമായി വിവാഹം. .
2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ റീതാ ബഹുഗുണ ജോഷിയോട് 33,796 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. രാഷ്ട്രീയ നേതാവ് എന്നതിലുപരി സാമൂഹിക, പൊതുസേവന രംഗത്തു അപര്‍ണ യാദവ് സജീവമാണ്. ഒന്‍പതു വര്‍ഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സംസ്ഥാനമെന്ന ദുഷ്‌പേര് നിലവിലുള്ള സംസ്ഥാനമാണ് യുപി. സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ചു പരിചയമുള്ള നേതാവാണ് അപര്‍ണ യാദവ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി ബിവെയര്‍ എന്ന സംഘടന നടത്തുന്നു.
സംസ്ഥാനത്തു സ്ത്രീ വോട്ടര്‍മാരെ കൂടെ കൂട്ടാനും സമാജ്‌വാദി പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് തുടങ്ങിവയ്ക്കാനും അപര്‍ണ യാദവിന്റെ രാജി സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അപര്‍ണയുടെ ബിജെപിയിലേക്കുള്ള വരവോടെ യുപിയില്‍ ഇനിയും കൂറുമാറ്റങ്ങള്‍ സംഭവിക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പരസ്പരം ചോദിക്കുന്നത്.
സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നുള്ള അപര്‍ണ യാദവിന്റെ കൂറുമാറ്റത്തെ സ്വാഗതം ചെയ്തു യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ബിജെപിയുടെ ഇരട്ട എന്‍ജിന്‍ പ്രവര്‍ത്തനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനങ്ങളുമാണ് അപര്‍ണയെ ബിജെപിയിലെത്തിച്ചതെന്ന് യോഗി പറഞ്ഞു. കഴിഞ്ഞ അഞ്ചു കൊല്ലമായി തൊഴില്‍ വിവേചനമോ വര്‍ഗീയ സംഘര്‍ഷമോ ഉണ്ടാകാത്ത സംസ്ഥാനമാണ് യുപി, കലാപകാരികള്‍ ജയിലില്‍ പോവുകയോ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയോ ചെയ്തതാണ് ഇതിനു കാരണമെന്നും യോഗി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























