എസ്‌ഐയ്ക്ക് കയ്യടി... കോട്ടയത്ത് സ്‌റ്റേഷന്‍ പരിധി നോക്കാതെ എസ്‌ഐയുടെ സമയോചിതമായ ഇടപെടലിലൂടെ കള്ളനെ പിടികൂടി; സ്‌റ്റേഷന്‍ പരിധി നോക്കാതെ ഒന്നര കിലോമീറ്റര്‍ ഓടിച്ചിട്ടു പിടിച്ചു; പ്രായമായ മാതാപിതാക്കള്‍ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ തുണയായി

സിസിടിവി കാരണം പല കള്ളന്‍മാരും കുടുങ്ങുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ലൈവായൊരു കള്ളന്‍ കുടുങ്ങുന്ന കാഴ്ചയാണ് കോട്ടയത്ത് കീഴുരീല്‍ കണ്ടത്. സ്‌റ്റേഷന്‍ പരിധി നോക്കാതെ എസ്‌ഐയുടെ സമയോചിതമായ ഇടപെടലിലൂടെ കള്ളനെ കയ്യോടെ പൊക്കി.
മുതിര്‍ന്ന ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ ആളെ ഒന്നര കിലോമീറ്റര്‍ പിന്നാലെ ഓടി പിടികൂടിയത് തലയോലപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ വി.എം.ജയ്‌മോനും സംഘവും. വിമുക്തഭടനായ കീഴൂര്‍ മേച്ചേരില്‍ എം.എം. മാത്യുവിന്റെ (80) വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കീഴൂര്‍ ചിറ്റേട്ട് പുത്തന്‍പുര ബോബിന്‍സ് ജോണ്‍ (32) പിടിയിലായത്. വാതില്‍ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീല്‍ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു.
തലയോലപ്പറമ്പ് സ്‌റ്റേഷനിലെ പൊലീസ് സംഘം മേഴ്‌സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെ എസ്‌ഐ ജയ്‌മോനു ഫോണ്‍ വന്നു. കീഴൂരില്‍ ഒരു വീട്ടില്‍ കയറിയ മോഷ്ടാവ് കവര്‍ച്ചയ്ക്കു മുന്നോടിയായി സിസി ടിവി ക്യാമറകള്‍ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം. പ്രായമായ മാതാപിതാക്കള്‍ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പാലായില്‍ താമസിക്കുന്ന മകള്‍ സോണിയ മാത്യു തല്‍സമയം സ്വന്തം ഫോണില്‍ കണ്ടതാണ്. ഭയന്നു പോയ മകള്‍ കീഴൂരില്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. പ്രഭാത് എസ്‌ഐ ജയ്‌മോനു വിവരം കൈമാറുകയായിരുന്നു.
വെള്ളൂര്‍ സ്‌റ്റേഷന്‍ പരിധിയിലായിരുന്നു വീടെന്നതു കണക്കാക്കാതെ ജയ്‌മോനും സീനിയര്‍ സിപിഒ രാജീവും സ്ഥലത്തേക്ക് പാഞ്ഞു. ഒപ്പം വെള്ളൂര്‍ സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയില്‍ നിന്നു മുറ്റത്തേക്ക് ചാടിയോടി. സ്ത്രീകളുടെ നൈറ്റിയാണ് ഇയാള്‍ ധരിച്ചിരുന്നത്.
അപ്പോഴേക്കും വെള്ളൂര്‍ എസ്‌ഐ കെ.സജിയും സിപിഒ പി.എസ്.ബിബിനും സ്ഥലത്ത് എത്തി. റോഡിലൂടെയും റബര്‍ തോട്ടത്തിലൂടെയും പാടത്തുകൂടിയും ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം പിന്നാലെ ഓടി കുറ്റിക്കാട്ടില്‍നിന്ന് പിടികൂടി വെള്ളൂര്‍ പൊലീസിനു കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി വെള്ളൂര്‍ എസ്എച്ച്ഒ എ.പ്രസാദ് അറിയിച്ചു.
കീഴൂര്‍ മോഡല്‍ സംഭവം യുപിയിലുമുണ്ടായി. നാട്ടിലെ അടച്ചിട്ട വീട്ടില്‍ കള്ളന്‍മാര്‍ കയറുന്നത് സിസിടിവിയിലൂടെ അമേരിക്കയിലിരുന്നു കണ്ട് വീട്ടുടമ തസ്‌കരസംഘത്തെ കുരുക്കി. ന്യൂജഴ്‌സിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ വിജയ് അശ്വതിയാണ് ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ചകേരിയിലുള്ള പൊലീസ് സ്‌റ്റേഷനില്‍ മോഷണ വിവരം അറിയിച്ചത്.
പൊലീസ് ഓഫിസര്‍ മധുര്‍ മിശ്രയുടെ നേതൃത്വത്തില്‍ സംഘമെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയിരുന്നു. പൊലീസിനുനേരെ വെടിവയ്പുമുണ്ടായി. തിരികെ വെടിവച്ച പൊലീസ്, മോഷണ സംഘത്തലവന്‍ ശ്രീനാഥ് റാത്തോഡിനെ വീഴ്ത്തി. ഒപ്പമുണ്ടായിരുന്ന ചിലര്‍ കടന്നുകളഞ്ഞു. വിജയ് അശ്വതി വീട്ടിലെ ദൃശ്യങ്ങള്‍ മൊബൈലില്‍ നിരീക്ഷിച്ചപ്പോഴാണ് കള്ളന്‍മാരെ കണ്ടത്.
അതേസമയം മറ്റൊരു കള്ളന്റെ വീര പരാക്രമ കഥയും പുറത്തു വന്നു. പൊലീസിന്റെ പരിശോധനയില്‍ പിടിക്കപ്പെടുമെന്ന ആശങ്കയില്‍ തടവുകാരന്‍ വിഴുങ്ങിയ മൊബൈല്‍ ഫോണ്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിഹാര്‍ ജയിലില്‍ ഈ മാസം അഞ്ചിനാണ് സംഭവം.
സെല്ലുകളില്‍ പതിവു പരിശോധന നടക്കുന്നതിനിടെ സെന്‍ട്രല്‍ ജയില്‍ ഒന്നിലെ തടവുകാരനാണ് ഫോണ്‍ വിഴുങ്ങിയത്. ഇയാളെ ആദ്യം ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലും പിന്നീട് ജിബി പന്ത് ആശുപത്രിയിലും എത്തിച്ചു. എക്‌സ്‌റേയില്‍ വയറ്റില്‍ മൊബൈല്‍ കണ്ടെത്തിയതോടെ എന്‍ഡോസ്‌കോപിക്കു വിധേയനാക്കി.
https://www.facebook.com/Malayalivartha


























