അമ്പരന്ന് ലോക രാജ്യങ്ങള്‍... ലോക രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കുന്നു; അതേ സമയം കോവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് കളയാനൊരുങ്ങി ബ്രിട്ടന്‍; അടുത്ത വ്യാഴം മുതല്‍ മാസ്‌കോ വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ല

നമ്മളൊക്കെ മാസ്‌ക് ഒന്ന് ഊരാനായി കാത്തിരിക്കുകയാണ്. കോവിഡ് കടുത്തതോടെ അടുത്തിടെയൊന്നും അത് സ്വപ്നം കാണാന്‍ പോലും കഴിയില്ല. അതേ സമയം കോവിഡ് കടുത്തിട്ടും ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നു.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത വ്യാഴം മുതല്‍ മാസ്‌കോ വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ല. ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോണ്‍സന്റെ പ്രഖ്യാപനം.
ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടു. തല്‍ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറം നീട്ടില്ല. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോണ്‍സന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
ഔദ്യോഗിക വസതിയില്‍ വിരുന്നു നടത്തി ലോക്ഡൗണ്‍ നിയമം ലംഘിച്ചു വിവാദത്തില്‍പ്പെട്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പക്ഷേ, രാജിവയ്ക്കാന്‍ ഒരുക്കമല്ല. രാജിവയ്ക്കില്ലേയെന്നു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് കെയ്ര്‍ സ്റ്റാമര്‍ പാര്‍ലമെന്റില്‍ ചോദിച്ചപ്പോഴാണ് ഒഴിയുന്ന പ്രശ്‌നമില്ലെന്നു ജോണ്‍സന്‍ മറുപടി നല്‍കിയത്. സ്ഥാനമൊഴിയാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വരെ സമ്മര്‍ദമുണ്ട്. ഇതിനിടെ, എംപിയായ ക്രിസ്റ്റ്യന്‍ വേയ്ക്‌ഫോര്‍ഡ് മറുകണ്ടം ചാടി ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതും ജോണ്‍സനു ക്ഷീണമായി.
പാര്‍ലമെന്റിലെ 360 കണ്‍സര്‍വേറ്റീവ് (ടോറി) അംഗങ്ങളില്‍ 54 പേര്‍ അവിശ്വാസക്കത്തു നല്‍കിയാലേ ജോണ്‍സനെ നീക്കാനുള്ള നടപടികള്‍ ആരംഭിക്കാനാകൂ. 20 പേര്‍ ഇതിനോടകം കത്തു കൊടുത്തു കഴിഞ്ഞെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇന്ത്യന്‍ വംശജനായി റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് സൂചന. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യസത്കാരങ്ങള്‍ നടത്തിയത് വന്‍വിവാദത്തിലേക്കും അന്വേഷണത്തിലേക്കും നീങ്ങിയതോടെ അദ്ദേഹത്തിന്റെ രാജിക്ക് സാധ്യതേറെയാണ്. അങ്ങനെയുണ്ടായാല്‍ ബ്രിട്ടനിലെ അധികാരതലത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ അടുത്തയാള്‍ ധനമന്ത്രി (ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍)യാണ്. നിലവില്‍ ധനമന്ത്രിയായ റിഷി സുനകിന് വഴിതെളിഞ്ഞാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും അദ്ദേഹം. ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേലിന്റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്.
ലോക്ഡൗണ്‍ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സര്‍ക്കാര്‍ മന്ദിരങ്ങളിലും കുറഞ്ഞത് 11 മദ്യവിരുന്നുകളെങ്കിലും നടന്നിട്ടുണ്ടെന്നാണു വാര്‍ത്തകള്‍. 2020 മേയില്‍ രാജ്യം ലോക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും രാജിക്കായി മുറവിളി ഉയര്‍ന്നിരിക്കുകയാണ്.
അതിനിടെയാണ് 2021 ഏപ്രില്‍ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ യാത്രയയപ്പുമായി ബന്ധപ്പെട്ട് സാമൂഹിക നിയന്ത്രണം കാറ്റില്‍പറത്തി രണ്ടു മദ്യസല്‍ക്കാരം നടന്നുവെന്നു 'ദ് ടെലിഗ്രാഫ്' പത്രം റിപ്പോര്‍ട്ട് ചെയ്തത്. 30 ഓളം ആളുകളാണ് പങ്കെടുത്തത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ജീവനക്കാര്‍ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സൂട്ട്‌കേസ് നിറയെ മദ്യം വാങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. പിറ്റേന്നായിരുന്നു ഫിലിപ് രാജകുമാരന്റെ സംസ്‌കാരച്ചടങ്ങുകള്‍. എന്നാല്‍, ഈ വിരുന്നുകളില്‍ ജോണ്‍സന്‍ പങ്കെടുത്തിട്ടില്ല. സര്‍ക്കാര്‍തല കോവിഡ് ചട്ട ലംഘനങ്ങള്‍ സംബന്ധിച്ചു മുതിര്‍ന്ന ഉദ്യോഗസ്ഥയായ സൂ ഗ്രേയുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം നടന്നുവരികയാണ്. ഈ മാസാവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
"
https://www.facebook.com/Malayalivartha


























