നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകും.. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ അനില്‍ കുമാര്‍ രാജിവെച്ച ഒഴിവിൽ ഇനി എത്തുന്നത് കെ ബി സുനില്‍ കുമാര്‍

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകും. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ അനില്‍ കുമാര്‍ രാജിവെച്ച ഒഴിവിലാണ് കെ ബി സുനില്‍ കുമാര്‍ ഹാജരാകുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. വിചാരണക്കോടതി ജഡ്ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് മുന്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചത്. പിന്നാലെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി 10 ദിവസത്തിനുള്ളില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. നിലവില്‍ പ്രോസിക്യൂഷന് അഭിഭാഷക സംഘത്തില്‍ പ്രവര്‍ത്തിക്കുകയാണ് സുനില്‍ കുമാര്‍.
അതേസമയം കേസിൽ അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. കേസിൽ അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും.
അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹർജി നല്കിയിട്ടുള്ളതും ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹര്‍ജി നല്‍കിയിട്ടുണ്ട്. പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക.
കഴിഞ്ഞയാഴ്ച സുനിയുടെ അമ്മ ശോഭന പുറത്തുവിട്ടതും 2018 മേയിൽ സുനി എഴുതിയതുമായ കത്തിൽ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കേസിന്റെ ആദ്യഘട്ടത്തിൽ മറച്ചുവച്ച വിവരങ്ങൾ ഇപ്പോൾ കത്തിലൂടെ പുറത്തുവിടാനുള്ള കാരണം ക്രൈംബ്രാഞ്ച് സുനിയിൽ നിന്ന് തേടും. ജീവന് ഭീഷണിയുള്ളപ്പോൾ കത്ത് പുറത്തുവിടണമെന്ന് നിർദ്ദേശിച്ചാണ് സുനി അമ്മയ്ക്ക് ജയിലിൽ വച്ച് കത്ത് കൈമാറിയത്. കത്ത് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.
ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ താൻ കണ്ടിട്ടുണ്ടെന്നും ,സുനിയുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാൻ ദിലീപ് സമ്മർദ്ദം ചെലുത്തിയെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യങ്ങളിൽ ഉത്തരം തേടും. സഹതടവുകാരനായ ജിൻസണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ബാലചന്ദ്രകുമാറിനെ കണ്ടതായി സുനി സമ്മതിക്കുന്നുണ്ട്. പുറത്തുവന്ന 16.5 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിൽ പണം തന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന്, അതു ഞാൻ പറയാമെന്നും വേറെ ഒരുകാര്യം കൂടിയുണ്ടെന്നും ജിൻസണിനോട് സുനി പറയുന്നുണ്ട്. ഇത് എന്താണെന്ന് ചോദ്യം ചെയ്യലിൽ ആരായും. എന്തായാലും നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും പുറത്ത് വരുന്നത് നിർണായക വഴിത്തിരുവുകൾ തന്നെയാണ്.
https://www.facebook.com/Malayalivartha


























