നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും... കൂടുതൽ സമയം ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയോട് ആവശ്യപ്പെടും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ദിലീപിന്റെ മുൻ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടന്നത്. തുടരന്വേഷണത്തിൽ കേസിലെ നിർണായക കണ്ണിയെന്ന് കരുതപ്പെടുന്ന വിഐപിയെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിലും പ്രൊഡക്ഷൻ കമ്പനിയിലും ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെയും പൾസർ സുനിയുടെ അമ്മയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി.
അതേസമയം തുടരന്വേഷണത്തിന് കൂടുതൽ സമയം ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയോട് ആവശ്യപ്പെടും.
പൾസർ സുനിയെ ഉൾപ്പെടെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ഇതിന് വിചാരണ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തന്നെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്ന് സുനി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും, അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ കൈവശമുള്ള നിടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും.
https://www.facebook.com/Malayalivartha


























