അശ്വത്ഥാമാവ് എന്നത് വെറും ഒരു ആനയല്ല, യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണ്... പ്രതികരണവുമായി വിനായകൻ

സമകാലിക വിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ കൃത്യമായി പങ്കുവയ്ക്കുന്ന നടൻമാരിലൊരാളാണ് വിനായകൻ. ഇപ്പോൾ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എഴുതിയ ആത്മകഥയുടെ പേരിനെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് താരം. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിലാണ് ശിവശങ്കർ പുസ്തകം രചിച്ചിരിക്കുന്നത്. ‘അശ്വത്ഥാമാവ്’ വെറും ഒരു ആനയല്ലെന്നും യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണെന്നുമാണ് വിനായകൻ കുറിച്ചിരിക്കുന്നത്. ഇതിനുതാഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ചിലരൊക്കെ വിനായകനെ പരിഹസിച്ചും കമന്റിടുന്നു.
സ്വര്‍ണക്കടത്ത് കേസിലെ ജയിലിലെ അനുഭവം, അന്വേഷണ ഏജന്‍സികളുടെ സമീപനം, ജയിൽ മോചനം എല്ലാം പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പുസ്തകം ഇന്ന് മുതൽ വിപണിയിലെത്തി. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയത് വിവാദമായതിനിടെയാണ് പ്രകാശനം ചെയ്യാൻ നിശ്ചയിച്ചിരുന്ന ദിവസത്തിന് മുൻപേ തന്നെ പുസ്തകം വിപണിയിൽ എത്തിയിരിക്കുന്നത്. രൂക്ഷമായ വിമർശമാണ് കേന്ദ്ര ഏജൻസികൾക്കെതിരെ പുസ്തകത്തിൽ ഉള്ളത്. ഭീഷണിപ്പെടുത്തി ചില അധികാര കേന്ദ്രങ്ങൾക്കെതിരെ മൊഴി പറയിക്കാൻ ശ്രമിച്ചുവെന്നും ഇതിനായി ഭാര്യയെയും മകനെയും പോലും ഭീഷണിപ്പെടുത്തിയെന്നുമാണ് ശിവശങ്കർ പറയുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിലേക്കും ധനകാര്യ വകുപ്പിലേക്കും വിരൽ ചൂണ്ടുന്ന വിമർശങ്ങളുമുണ്ട്. 176 പേജുള്ള പുസ്തം ഡിസി ബുക്സ് ആണ് പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha
























