എറണാകുളം പറവൂര്‍ മാല്യങ്കരയിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യയ്ക്ക് ഒന്നാമത്തെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

എറണാകുളം പറവൂര്‍ മാല്യങ്കരയിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യയ്ക്ക് ഒന്നാമത്തെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി
ചുവപ്പുനാടയില്‍ക്കുടുങ്ങി ഒരു ജീവന്‍കൂടി നഷ്ടപ്പെടാന്‍ ഇടയാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണം.
ഒരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന് ജീവനക്കാരെ ബോധവത്ക്കരിച്ച മുഖ്യമന്ത്രിയ്ക്ക് സജീവന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിയുടെ കൂത്തരങ്ങായി. ദിവസങ്ങള്‍ക്ക് മുന്‍പാണ് എംജി സര്‍വകലാശായില്‍ ഇടതുപക്ഷ അനുകൂല ജീവനക്കാരി വിദ്യാര്‍ത്ഥിയുടെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കെടക്കുകയാണ്. ഭരണസ്തംഭനം താഴെത്തട്ടില്‍വരെയെത്തി എന്നതിന് തെളിവാണിത്. സജീവന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ ഉദോഗസ്ഥരെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി സംരക്ഷിക്കാനാണ് സര്‍ക്കാരും റവന്യൂമന്ത്രിയും ശ്രമിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലപ്പോക്ക് നടപടികളുടെ ഇരയാണ് ആത്മഹത്യ ചെയ്ത സജീവനെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























