'മരണശേഷം നീതി'; ജീവനൊടുക്കിയ മത്സ്യത്തൊഴിലാളി സജീവന്റെ ഭൂമി റവന്യു വകുപ്പ് തരംമാറ്റി നല്കി; എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് വീട്ടിലെത്തി രേഖകള്‍ കൈമാറി

പറവൂര്‍ മൂത്തകുന്നത്ത് ജീവനൊടുക്കിയ മത്സ്യത്തൊഴിലാളി സജീവന്റെ ഭൂമി റവന്യു വകുപ്പ് തരംമാറ്റി നല്കി.എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് സജീവന്റെ വീട്ടിലെത്തി രേഖകള്‍ കൈമാറി. അതേസമയം, സജീവന് ജീവനൊടുക്കിയ സംഭവത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മിഷണര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഉദ്യോഗസ്ഥരെ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്.
ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ, പറവൂര്‍ താലൂക്ക് ഓഫിസര്‍, മൂത്തകുന്നം വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷണര്‍ സജീവന്റെ കുടുംബാംഗങ്ങളുടെയും ഭാഗം കേട്ടു.
വീട്ടുപറമ്ബിലെ മരക്കൊമ്ബിലാണ് സജീവനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വര്‍ഷം മുന്‍പാണ് സജീവന് അഞ്ച് സെന്റ് ഭൂമി വാങ്ങി വീട് പണിതത്. കടബാധ്യതയേറിയതിന് പിന്നാലെയാണ് വീടും സ്ഥലവും പണയം വച്ച് വീട്ടാമെന്ന തീരുമാനത്തിലെത്തിയത്. ആധാരത്തില്‍ ഭൂമി നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനാല്‍ വായ്പ്പ നല്കാന് സാധിക്കില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഭൂമി പുരയിടം എന്നാക്കി മാറ്റുന്നതിനായി സജീവന് സര്‍ക്കാര്‍ ഓഫീസുകളെ സമീപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം ആര്‍ഡിഒ ഓഫീസിലെത്തിയപ്പോള്‍ അപമാനിച്ചിറക്കി വിട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ദുശിച്ച ഭരണവും കൈക്കൂലിയുമാണ് തന്റെ മരണത്തിന്റെ ഉത്തരവാദികളെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























