അമ്ബലമുക്കിലെ കടയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകളേറെ... കൊലപാതകം ആസൂത്രിതമാകാനാണ് സാധ്യത; ഞായറാഴ്ചയായതിനാല്‍ സമീപ വീടുകളിലെല്ലാം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അവരാരും അസ്വാഭാവികമായ ശബ്ദമൊന്നും കേട്ടിട്ടില്ല; കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയില്‍ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

അമ്ബലമുക്കിലെ അലങ്കാര ചെടി വില്പന സ്ഥാപനത്തിലെ ജീവനക്കാരിയെ ഇന്നലെയാണ് ജോലിസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നഗരം മുഴുവന്‍ പൊലീസ് കാവല്‍ നില്‍ക്കെ കൊലപാതകം നടന്നത് പോലീസിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. അമ്പലനഗറില്‍ ടാബ്‌സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക് അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടില്‍ വിനിതമോളാണ് (38) കൊല്ലപ്പെട്ടത്.
നഗരമധ്യത്തില്‍ ആസൂത്രിതമായി നടന്ന ഈ കൊലപാതകത്തിന് പിന്നില്‍ വിനിതമോളെ അടുത്തറിയാവുന്ന വ്യക്തി തന്നെയാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. വിനിത മാത്രമാണ് ചെടിവില്പനശാലയില്‍ ഉള്ളതെന്ന് അറിയാവുന്ന ആരോ ആണ് കൊലയ്ക്ക് പിന്നാലെന്നാണ് കരുതുന്നത്. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി പ്രതിയെ എത്രയും വേഗം പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്.
അവധി ദിനമായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് വിനിത ഇന്നലെ അമ്ബലമുക്കിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയില്‍ മൃതദേഹം കണ്ടത്. ചെടി വാങ്ങാന്‍ എത്തിയവര്‍ കടയില്‍ ആരെയും കണാതായതോടെ ഉടമ തോമസ് മാമനെ വിളിച്ചു വിവരം പറയുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഇദ്ദേഹം വിനീതയുടെ ഫോണില്‍ പലവതണ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് കടയ്ക്കു സമീപം താമസിക്കുന്ന മറ്റൊരു ജീവനക്കാരിയെ ഇവിടേക്കു പറഞ്ഞയച്ചു. അവരാണ് മൃതദേഹം ആദ്യം കണ്ടത്.
കുത്തിക്കൊലപ്പെടുത്തിയ ശേഷം ടാര്‍പോളിന്‍ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ ആഴത്തിലുളള മൂന്ന് കുത്തുകളേറ്റിട്ടുണ്ട്. പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ടാണ് മുറിവേറ്റതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അമ്പലംമുക്ക്കുറവന്‍കോണം റോഡരികിലായി ഒരു വീട്ടിലാണ് അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന അഗ്രിക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്.
ഞായറാഴ്ചയായതിനാല്‍ സമീപ വീടുകളിലെല്ലാം ആളുകള്‍ ഉണ്ടായിരുന്നു. അവരാരും അസ്വാഭാവികമായ ശബ്ദമൊന്നും കേട്ടിട്ടില്ല. കൊലപാതകം നടന്ന വീടിനു സമീപം താമസിക്കുന്നവരില്‍ പലരും സംഭവമറിഞ്ഞ് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ്. പോലീസുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് തങ്ങളുടെ പ്രദേശത്ത് ഒരു കൊലപാതകം നടന്നതായി ഇവരെല്ലാം അറിഞ്ഞത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവസ്ഥലത്തെത്തിയ പോലീസ് നായ കെട്ടിടത്തിന്റെ വലതുവശത്തെ ഒഴിഞ്ഞുകിടന്ന പറമ്പിലേക്കു മതില്‍ ചാടിയെത്തി. എന്നാല്‍ ദൂരേക്കൊന്നും പോകാതെ മതിലിനു സമീപം തന്നെ നിന്നു.
കടയില്‍ യുവതി തനിച്ചാണെന്നു ബോധ്യമുള്ള ആരെങ്കിലും ആയുധവുമായി എത്തി കരുതിക്കൂട്ടി ആക്രമിച്ചതാണെന്നു പൊലീസ് സംശയിക്കുന്നു. വിനീതയുടെ കഴുത്തില്‍ കിടന്ന 4 പവന്റെ സ്വര്‍ണമാല കാണാനില്ലെന്നു ബന്ധുക്കള്‍ മൊഴി നല്‍കി. വില്‍പനശാലയിലെ കളക്ഷന്‍ തുക 25,000 രൂപ ഹാന്‍ഡ് ബാഗില്‍ ഉണ്ടായിരുന്നു. കളക്ഷന്‍ പണവുമായി വീട്ടിലേയ്ക്ക് പോകുന്ന വിനിത രാവിലെ അത് കൊണ്ടുവരുന്നതാണ് പതിവ്. അതേസമയം കാഷ് കൗണ്ടറില്‍ നിന്നുള്ള പണം നഷ്ടമായിട്ടില്ല.
നഗര മദ്ധ്യത്തില്‍ ആസൂത്രിതമായി നടന്ന കൊലപാതകത്തിന് പിന്നില്‍ വിനിതമോളെ അടുത്തറിയാവുന്ന വ്യക്തി തന്നെയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെ കണ്ടുപിടിക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പേരൂര്‍ക്കട സി.ഐ വി. സജികുമാര്‍ പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. വിനിതയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് മുന്‍പ് ആരൊക്കെയാണ് വിളിച്ചതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha























