ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് വഴിപാട്; വിവാദങ്ങൾക്ക് പിന്നാലെ ഹൈകോടതി സ്വമേധയ കേസെടുത്തു

തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് വഴിപാട് സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹൈകോടതി സ്വമേധയ കേസെടുത്തു. ക്ഷേത്രത്തിലെ നിവേദ്യം തയാറാക്കുന്ന തിടപ്പള്ളിക്കകത്ത് നടക്കുന്ന വഴിപാട് സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സ്വമേധയ ഹരജി പരിഗണിച്ചത്.
പുറത്തുകാണാത്ത വിധത്തില്‍ പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തിയാണ് കാല്‍കഴുകിച്ചൂട്ട് വഴിപാട് നടത്തുന്നത്. പാപപരിഹാരത്തിനായി നടത്തുന്ന ഈ വഴിപാടിന് 20,000 രൂപയാണ് ഈടാക്കുന്നത്. അടുത്തിടെ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് ശിവകൃഷ്ണപുരം മഹാദേവര്‍ ക്ഷേത്രത്തില്‍ പുനരുദ്ധാരണ ചടങ്ങുകളുടെ ഭാഗമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഇതേ ചടങ്ങ് വിവാദമായതോടെ കൊച്ചിന് ദേവസ്വം ബോര്‍ഡ് ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഈ ആചാരം വഴിപാടായി നടത്തുന്ന വിവരം പുറത്തു വന്നത്. സംസ്ഥാന ദേവസ്വം സെക്രട്ടറി, കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി, തൃപ്പൂണിത്തുറ ദേവസ്വം ഓഫിസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി.
https://www.facebook.com/Malayalivartha























