രാഷ്ട്രപതിയുടെ അനുമതി ഇല്ലാത്ത ഭേദഗതി ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം; ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹർജി

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കി. രാഷ്ട്രപതിയുടെ അനുമതി ഇല്ലാത്ത ഭേദഗതി ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയത്. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സെന്നും ഇത് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതിനെ തുടര്‍ന്ന് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. ഇതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായിരിക്കുകയാണ്. ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമായിരുന്നു. അങ്ങനെയെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ പരസ്യ എതിര്‍പ്പ് അറിയിച്ച സി.പി.ഐയെ സി.പി.എം കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ലോകായുക്ത ഓര്‍ഡിനന്‍സുമായി മന്ത്രി പി.രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ വിശദീകരണം നല്‍കിയശേഷവും ഗവര്‍ണര്‍ വഴങ്ങിയില്ല. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടിരുന്നു. ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതില്‍ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha























