കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്..

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. കേരളത്തിൽ കൂടാതെ തമിഴ്‌നാട്ടിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് മുന്നറിയിപ്പ് നൽകി. കൂടാതെ കേരളത്തിലെ പ്രധാനമായും നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഇന്നലെ രാത്രിയിൽ എറണാകുളം ജില്ലയിൽ മഴ പെയ്തിരുന്നു. ഫെബ്രുവരി പന്ത്രണ്ടിന് കേരളത്തിലെ പല ജില്ലകളിലും അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിലും നഗരത്തിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരുന്നു പെയ്തത്. വൈകിട്ടോടെ മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും ഇടവിട്ടുള്ള മഴ ലഭിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഘങ്ങള്‍ കേരള തീരത്തേക്ക് സഞ്ചരിക്കുന്നതാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണമായത് എന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയത്.
തമിഴ്നാട് തീരം വഴി വടക്കുകിഴക്കന്‍ കാറ്റ് പ്രവേശിക്കുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും അടുത്ത രണ്ട് ദിവസങ്ങളില്‍ മഴ ഉണ്ടാകുമെന്നും ഐ.എം.ഡി പ്രവചിക്കുന്നു.മത്സ്യബന്ധനത്തിന് തടസമില്ല.കൂടാതെ വെസ്റ്റേൺ ഡിസ്റ്റർബൻസ് (Western Disturbance) എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഫലമായി ജമ്മു കശ്മീര്‍, ലഡാക്, ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്‍ മേഖല, മുസഫറാബാദ് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ സമാനമായ കാലാവസ്ഥയാണ് ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രതീക്ഷിക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സാന്നിധ്യത്താല്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.
അടുത്ത അഞ്ച് ദിവസങ്ങളില്‍ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 20 ന് ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ സമാനമായ കാലാവസ്ഥയും അനുഭവപ്പെടാം. ഫെബ്രുവരി 18, 19,20 എന്നീ തീയതികളില്‍ വിദര്‍ഭ, മധ്യപ്രദേശ് ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്..
https://www.facebook.com/Malayalivartha

























