തീതിന്ന് വീട്ടുകാര്‍... മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയപ്പോഴേക്കും ബെംഗളുരുവില്‍ നിന്നും സമാന സംഭവം; നന്ദിഹില്‍സില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി; 300 അടി താഴ്ചയില്‍ കുടുങ്ങിപ്പോയ ഡല്‍ഹി സ്വദേശി നിശാങ്കിനെ രക്ഷപ്പെടുത്തിയത് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച്

പാലക്കാട് മലമ്പുഴ ചേറാട് മലയില്‍ നിന്നും ബാബുവിനെ രക്ഷപ്പെടുത്തിയിട്ട് അധികനാളായില്ല. ഇപ്പോഴിതാ സമാന സംഭവം ബംഗളുരുവിലും ഉണ്ടായിരിക്കുകയാണ്. നന്ദിഹില്‍സില്‍ ട്രെക്കിങ്ങിനിടെ കാല്‍വഴുതിവീണ് പാറയിടുക്കില്‍ കുടുങ്ങിപ്പോയ എന്‍ജിനിയറിങ് വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി. ഡല്‍ഹി സ്വദേശി നിശാങ്ക് (19) ആണ് കുടുങ്ങിപ്പോയത്.
വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് നിശാങ്കിനെ രക്ഷപ്പെടുത്തിയത്. 300 അടി താഴ്ചയിലാണ് യുവാവ് കുടുങ്ങിയത്. ഞായറാഴ്ച രാവിലെയാണ് യുവാവ് ട്രെക്കിങ് ആരംഭിച്ചത്. ഇതിനിടെ കാല്‍ വഴുതിവീണു. യുവാവു തന്നെയാണ് പാറയിടുക്കില്‍ കുടുങ്ങിയ കാര്യം ഫോണില്‍ പോലീസിനെയും വീട്ടുകാരെയും അറിയിച്ചത്.
ഉടനെ ഡിവൈ.എസ്.പി. വാസുദേവിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. പിന്നീട് വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. ഹെലികോപ്റ്ററില്‍ നിന്ന് കയര്‍വഴി കമാന്‍ഡോ താഴെയെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പോലീസും സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ബെംഗളൂരു പി.ഇ.എസ്. സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ നിശാങ്കിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളം കണ്ട വലിയ രക്ഷാ ദൗത്യത്തിനാണ് രണ്ടാഴ്ച മുമ്പ് സാക്ഷ്യം വഹിച്ചത്. മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ കരസേനയാണ് രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബാബു ആശുപത്രി വിട്ടിരുന്നു. പരിശോധനയില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീഴ്ചയുടേയും, രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, പാറയിടുക്കില്‍ പ്രതികൂല സാഹചര്യത്തില്‍ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്‌നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്.
ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയാണ് അപടകം ഉണ്ടായത്. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാര്‍ മല കയറ്റം നിര്‍ത്തിയെങ്കിലും താന്‍ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു വിശദീകരിച്ചു. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. 75 ലക്ഷം രൂപയോളമായിരുന്നു ബാബുവിനെ രക്ഷിക്കാന്‍ ചെലവായത്.
മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ കഴിഞ്ഞയാഴ്ച വനം വകുപ്പ് കേസെടുത്തിരുന്നു. വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. ഒപ്പം മല കയറിയ വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മലയില്‍ കൂടുതല്‍ ആളുകള്‍ കയറാനെത്തുന്നതിന് പിന്നാലെയാണ് നടപടി.
വനം മന്ത്രിയും റവന്യു മന്ത്രിയുമടക്കം ബാബുവിന് നല്‍കിയ ഇളവുകള്‍ മറ്റാര്‍ക്കും നല്‍കില്ലെന്ന രീതിയിലാണ് പ്രതികരിച്ചത്. ബാബുവിന് എതിരെ കേസെടുക്കില്ല എന്നുതന്നെയാണ് ഉന്നതതല യോഗത്തിലും ധാരണയായത്. എന്നാല്‍ ബാബുവിനെതിരെ കേസെടുക്കാതിരിക്കുമ്പോള്‍ മറ്റ് ആളുകളും ഇതേ മാതൃകയില്‍ നിയമലംഘനം നടത്തുകയാണ്. ചേറാട് മലയില്‍ കൂടുതല്‍ ആളുകളെ കണ്ടതായി പരാതി ഉയരുകയും ചെയ്തിരുന്നു. ഇത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
വനംപരിസ്ഥിതി സ്‌നേഹികളുള്‍പ്പടെയുള്ളവര്‍ സംഭവത്തില്‍ കേസെടുക്കാത്ത വനം വകുപ്പ് നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. വനത്തില്‍ അതിക്രമിച്ച് കയറിയാല്‍ നിര്‍ബന്ധമായും കേസെടുക്കണമെന്ന രീതിയില്‍ അവര്‍ ദേശീയ തലത്തില്‍ ഒരു കൂട്ടായ്മയുണ്ടാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ ബാബുവിനും കൂടെ വനത്തിലേക്ക് പോയ വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























