മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പേഴ്സണല്‍ സ്റ്റാഫില്‍ കയറിപ്പറ്റി കഷ്ടിച്ച് രണ്ടു വര്‍ഷം കാലം പോക്കിയതിന്റെ പിന്‍ബലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നത് ആയിരത്തിലേറെ പേര്‍....

മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പേഴ്സണല്‍ സ്റ്റാഫില്‍ കയറിപ്പറ്റി കഷ്ടിച്ച് രണ്ടു വര്‍ഷം കാലം പോക്കിയതിന്റെ പിന്‍ബലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നത് 1250 മഹാമാന്യന്‍മാര്‍.
മന്ത്രി സ്റ്റാഫില്‍ 24 മാസം ഇരുന്നതിന്റെ പേരില്‍ 25-ാം വയസുമുതല്‍ മാസം പെന്‍ഷന്‍ വാങ്ങി ഖജനാവ് മുടിക്കുന്ന മാന്യന്‍മാര്‍ നൂറാം വയസിലാണ് മരിക്കുന്നതെങ്കില്‍ 75 വര്‍ഷവും സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടേയിരിക്കും. ഇന്ത്യയിലെന്നല്ല ലോകത്തില്‍ മറ്റൊരിടത്തും ഇത്തരത്തിലുള്ള പകല്‍ക്കൊള്ള അരങ്ങേറുന്നില്ലെന്നത് വസ്തുത.
മാസം ഒരു ലക്ഷത്തിലേറെ രൂപ ശമ്പളവും മന്ത്രിയുടെ തണല്‍പറ്റി താമസവും സുഖഭക്ഷണവും കിമ്പളവും പറ്റുന്ന ഇത്തരം ഇത്തില്‍കണ്ണികളെ പോറ്റിവളര്‍ത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും ഒരു നയമാണ് തുടര്‍ന്നുപോരുന്നത്.
ചില മന്ത്രിമാരുടെ കാലത്ത് പണം വാങ്ങി പഴ്സണല്‍ സ്റ്റാഫിനെ വാഴിച്ചുകൊണ്ടിരുന്നതും ഒരേ മന്ത്രി അഞ്ചു വര്‍ഷത്തെ വാഴ്ചക്കാലത്ത് 70 പേരെ വരെ പഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി ആയുഷ്‌കാലപെന്‍ഷന് അവകാശിയാക്കിയതും കേരളത്തില്‍ മാത്രം അരങ്ങേറിക്കൊണ്ടിരുന്ന കഥ. പത്താം ക്ലാസ് പാസാകാത്തവര്‍ മാത്രമല്ല പാര്‍ട്ടിയോഫീസുകളിലെ പ്യൂണ്‍മാരും പാര്‍ട്ടികളുടെ കൂലിത്തല്ലുകാരും പാര്‍ട്ടി ക്രിമിനലുകളുമൊക്കെ ഓരോ കാലത്തും ഇത്തരത്തില്‍ മന്ത്രിമാരുടെ അനുചര വ്യൂഹത്തില്‍ ഇടംതേടിയിട്ടുണ്ട്.
മന്ത്രിമാരുടെ അടുക്കളക്കാര്യം, വീട്ടാകാര്യം, തുണിയലക്ക്, ഭാര്യമാരെ സഹായിക്കല്‍, പൂന്തോട്ടം നനയ്ക്കല്‍ തുടങ്ങിയ പണികള്‍ക്കും സര്‍ക്കാര്‍ശമ്പളത്തില്‍ നിയമിച്ച പഴ്സണല്‍ സ്റ്റാഫിനെ ഉപയോഗിക്കുന്നു. മുന്‍പൊരു മന്ത്രിയുടെ പശുത്തൊഴുത്തില്‍ നിന്നും രാവിലെയും വൈകുന്നേരവും പാല്‍ കറന്ന് മില്‍മ ഡിപ്പോയില്‍ കൊടുക്കാനുമുണ്ടായിരുന്നു ഒരു പഴ്സണല്‍ സ്റ്റാഫ്. എംഎല്‍എമാര്‍ക്ക് ഇരുപതിനായിരം രൂപ ശമ്പളത്തില്‍ ഒരു പഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ അനുവാദമുണ്ട്. ഇവര്‍ക്കാകട്ടെ പിടിപ്പത് ജോലിയുമുണ്ട്.
എന്നാല്‍ ഒരു പണിയും ചെയ്യാതെ സ്വന്തം വീട്ടിലോ പാര്‍ട്ടി ഓഫീസിലോ കഴിയുകയും ഒരു ലക്ഷത്തിലേറെ രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുകയും ചെയ്യുന്ന തട്ടിപ്പുസംഘമാണ് പഴ്സണല്‍ സ്റ്റാഫ് എന്ന ഓമനപ്പേരുള്ള വിഭാഗം. പേഴ്സണല്‍ സെക്രട്ടറി, പ്രസ് സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിങ്ങനെ ഓരോരോ പേരുകളില്‍ അറിയപ്പെടുതയാണ് മുപ്പതോളം കുഴിമടിയന്‍മാരുടെ സംഘം.
മന്ത്രിമാരെ സദാ അനുഗമിക്കുന്ന ഒന്നോ പിഎമാര്‍ക്കല്ലാതെ പഴ്സണല്‍ സ്റ്റാഫ് സംഘത്തിലെ ഏറെപ്പേര്‍ക്കും പ്രത്യേകിച്ചു പണിയൊന്നുമില്ല.
രണ്ടു വര്‍ഷം ജോലിയിലിരുന്നാല്‍ കാല്‍ കോടി രൂപ ശമ്പളം കിട്ടും. തുടര്‍ന്ന് പണി നിറുത്തിപ്പോയാല്‍ പിറ്റേ മാസം മുതല്‍ വീ്ട്ടില്‍ പെന്‍ഷനും കിട്ടും. മിനിമം 10 വര്‍ഷം സര്‍ക്കാര്‍ സര്‍വീസ് എന്ന മാനദണ്ഡമൊന്നും മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും സെക്രട്ടറിമാര്‍ക്കില്ല. ഒരാളെക്കൂടി മന്ത്രിയാക്കേണ്ടിവന്ന സാഹചര്യം ഒഴിവാക്കാന്‍ കാല്‍നൂറ്റാണ്ടു മുന്‍പ് കേരളത്തില്‍ ആവിഷ്‌കരിച്ച പണിയില്ലാ വകുപ്പാണ് മാസം ഒന്നര കോടിയോളം രൂപ ഖജനാവിന് ചെലവു വരുന്ന ചീഫ് വിപ്പ് എന്ന അലങ്കാരം.
ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കു പെന്‍ഷന്‍ ലഭിക്കുക 60 വയസ്സിനു ശേഷമാണെന്നിരിക്കെയാണ് 24 മാസം പഴ്സണല്‍ സ്റ്റാഫ് ലിസ്റ്റില്‍ പേരുവന്നതിന്റെ പേരില്‍ ആയുഷ്‌കാല പെന്‍ഷന്‍ വാങ്ങിസുഖിക്കുന്നത്. വിമര്‍ശനം ഉയര്‍ന്നതോടെ പഴ്സനല്‍ സ്റ്റാഫിന്റെ എണ്ണം 30ല്‍ നിന്ന് 25 ആക്കി കുറച്ചെന്ന് അവകാശപ്പെടുമ്പോഴും ആവര്‍ത്തിച്ചുള്ള നിയമനം ഫലത്തില്‍ പഴ്സനല്‍ സ്റ്റാഫിന്റെ എണ്ണം ഇരട്ടിയാക്കുകയാണ്.
പഴ്സണല്‍ സ്റ്റാഫിന് 2400 രൂപയായിരുന്ന മിനിമം പെന്‍ഷന്‍ കഴിഞ്ഞ പരിഷ്‌കരണത്തോടെ 3550 രൂപയായി. 30 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്ക് മുഴുവന്‍പെന്‍ഷന്‍ ലഭിക്കുമെന്നതും മറ്റൊരു അനീതി.
മറ്റു സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ 56 വയസ്സില്‍ പഴ്സണല്‍ സ്റ്റാഫുകള്‍ വിരമിക്കേണ്ടതുമില്ല.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു കീഴിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച ശേഷം മരിച്ചു പോയാല്‍ കുടുംബ പെന്‍ഷനില്ല. എന്നാല്‍, പഴ്സനല്‍ സ്റ്റാഫിന് കുടുംബ പെന്‍ഷനും അര്‍ഹതയുണ്ട്.
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സി അച്യുതമേനോനെയും പോലെ കേവലം അഞ്ച് പഴ്സണല്‍ സ്റ്റാഫുമാരുടെ
സഹായത്തില്‍ മഹത്തായ ഭരണം നടത്തിവന്ന കേരളത്തിലാണ് ഇത്തരത്തില്‍ ജോലിയില്ലാതെ ശമ്പളവും പെന്‍ഷനും നല്‍കുന്ന പരിവാരങ്ങളുടെ വാഴ്ച. ലാപ്ടോപ്പും മൊമൈല്‍ ഫോണും പോലുള്ള സംവിധാനങ്ങളില്ലാതെ കേവലം കൈയെഴുത്തും ടൈപ്പും ഫയലുകളുമൊക്കെയായി സെക്രട്ടറിയറ്റ് നീതിയുടെ സിംഹാസനമാക്കിമാറ്റിയ ഇഎംഎസിനെയും സി അച്യുതമേനോനെയുമൊക്കെ ഇക്കാലത്തെ വാഴ്ചക്കാര്‍ കണ്ടുപഠിച്ചിരുന്നെങ്കില്‍ എന്നാണ് ജനം ചോദിക്കുന്നത്.
https://www.facebook.com/Malayalivartha

























