അമ്മയുടെ ബന്ധുവില്‍ നിന്ന് രണ്ട് വയസുകാരിയ്ക്ക് ക്രൂര മർദ്ദനം; കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും ഇരുകൈകളും ഒടിഞ്ഞ നിലയിലും; തലയോട്ടിക്ക് പൊട്ടലേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോടില്‍ അമ്മയുടെ ബന്ധുവില്‍ നിന്ന് മര്‍ദനമേറ്റ് രണ്ട് വയസുകാരി ഗുരുതരാവസ്ഥയില്‍. ക്രൂരമര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ തലയ്ക്കും മുഖത്തും പരിക്കുള്ളതായി വ്യക്തമായി. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. ഹൈപ്പര്‍ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ മൊഴി നല്‍കിയത്.
ഇതോടെ ആശുപത്രി അധികൃതര്‍ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. രണ്ടാനച്ഛനാണ് മര്‍ദ്ദച്ചിതെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അയല്‍വാസികളുടെയും മൊഴിയെടുത്തു. കുട്ടിയുടെ മാതാവ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്ന് പൊലീസ് പറയുന്നു.
കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ രാത്രിയില്‍ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. കുട്ടി സ്വയം ഏല്‍പ്പിച്ച പരിക്കാണ് എന്നാണ് അമ്മ നല്‍കുന്ന മൊഴി. കുന്തിരക്കം കത്തിച്ചപ്പോള്‍ പൊള്ളിയെന്നാണ് അവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























