ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയിലായി

ആലപ്പുഴയില്‍ ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ യുവതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. മാവേലിക്കര സ്വദേശിനി ലീന ഭവാനി (43) ആണ് പോലീസിന്റെ പിടിയിലായത്.
ആലപ്പുഴയിലെ അരൂര്‍ കേന്ദ്രീകരിച്ച് 'അഡ്‌ലെന്‍' എന്ന പേരില്‍ ഇവര്‍ നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സി മറയാക്കിയായിരുന്നു തട്ടിപ്പ്. ന്യൂസിലന്‍ഡില്‍ ജോലി ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പ് നല്‍കി ഇവര്‍ ലക്ഷങ്ങളാണ് തട്ടിയത്. ഇത്തരത്തില്‍ ഇവരുടെ തട്ടിപ്പിനിരയായ നാല് പേര്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റിലേക്ക് നീണ്ടത്. നാല് പേരില്‍ നിന്നും അഞ്ച് ലക്ഷം വീതമാണ് ഇവര്‍ തട്ടിയത്.
ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഫോണ്‍ ലൊക്കേഷനുകള്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരെ വലയിലാക്കിയത്. അരൂര്‍ എസ്‌ഐ സെനി ബി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി സി ഉഷ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍.
https://www.facebook.com/Malayalivartha

























