സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നു.... ജോലി സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവ്... പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള

സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നു.... ജോലി സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവ്... പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള
സംസ്ഥാനത്തു പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയുന്നതിന് ഏപ്രില്‍ 30 വരെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.
ഇതുപ്രകാരം പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായിരിക്കും.
രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രകാരവുമാണ് പുനഃക്രമീകരിച്ചു.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. അതിന്റെ ലക്ഷണങ്ങളാണ് വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കേണ്ടതാണ്.
അതേസമയം സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
സൂര്യാഘാതം സൂര്യാതപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കുക. തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക. ഫാന്‍, എസി അല്ലെങ്കില്‍ വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം
വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കൂടാതെ വെള്ളം കുറച്ചു കുടിക്കുന്നവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍, പോഷകാഹാര കുറവുള്ളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയം പുറത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. ഇത്തരക്കാരില്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു എങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കേണ്ടതാണ്
https://www.facebook.com/Malayalivartha

























