എല്ലാം എല്ലാം അയ്യപ്പന്‍... കെ റെയില്‍ പ്രക്ഷോഭം കടുക്കുന്നതിനിടെ മുല്ലപ്പെരിയാറും; സുപ്രീം കോടതിയില്‍ ഇന്ന് അന്തിമ വാദം തുടങ്ങും; കെ റെയില്‍ വിഷയത്തില്‍ വാക്‌പോരുമായി നേതാക്കള്‍; ശബരിമല അനുഭവം ആവര്‍ത്തിക്കുമെന്ന് കെ.സുരേന്ദ്രന്‍

സംസ്ഥാനത്ത് കെ റെയില്‍ വിഷയം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം പരമാവധി നേട്ടം കൊയ്യുകയാണ്. ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയവും ചര്‍ച്ചയാകുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണോയെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധരടങ്ങിയ സ്വതന്ത്രസമിതി പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
രണ്ടുമാസം മുന്‍പ് കേന്ദ്ര ജലകമ്മിഷന്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിനും, അതംഗീകരിച്ച തമിഴ്‌നാടിനുമുള്ള മറുപടിയായി തിങ്കളാഴ്ച രാത്രിയാണ് പുതിയ സത്യവാങ്മൂലം നല്‍കിയത്. കേരളത്തിന്റെ പുതിയ വാദങ്ങള്‍ പഠിക്കാന്‍ തമിഴ്‌നാട് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, ഇന്നലെ ആരംഭിക്കാനിരുന്ന അന്തിമ വാദംകേള്‍ക്കല്‍ സുപ്രീംകോടതി ഇന്നത്തേക്ക് മാറ്റി.
അതേസമയം കെ റെയിലിനെതിരായ സമരം മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കുമ്പോള്‍ അതേറ്റ് പിടിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും.
ശബരിമല അനുഭവം ആവര്‍ത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറയുന്നു. സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തോടു മുഖ്യമന്ത്രിക്കു ഭീഷണിയുടെ സ്വരമാണെന്നും ശബരിമലയിലെ അനുഭവം ഈ സമരത്തിലും സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വിഭാഗീയത ഉണ്ടാക്കി സമരത്തെ പൊളിക്കാന്‍ ആസൂത്രിത നീക്കമാണു സര്‍ക്കാര്‍ നടത്തുന്നത്. ഇതുപക്ഷേ ജാതിമത രാഷ്ട്രീയത്തിനുപരി ജനങ്ങളുടെ സമരമാണ്. ജാതിയും മതവും പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന നിലപാടു വിലപ്പോവില്ല. മുസ്‌ലിംകളും ക്രിസ്ത്യാനികളും ബിജെപിക്കൊപ്പം രംഗത്തു വരുന്നതിന്റെ കെറുവാണു സര്‍ക്കാരിന്. സില്‍വര്‍ലൈനിനു കേന്ദ്രാനുമതി ലഭിക്കുമെന്നു പറയുന്നതു വ്യാജപ്രചാരണം മാത്രമാണെന്നും പറഞ്ഞു.
അതേസമയം സില്‍വര്‍ലൈന്‍ പ്രതിഷേധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം നടന്നത് അടി കിട്ടേണ്ട സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലക്ടറേറ്റിനുള്ളില്‍ക്കയറി കല്ലിടുക, സെക്രട്ടേറിയറ്റിനുള്ളില്‍ കല്ലിടുക എന്നിങ്ങനെ ശരിക്കും അടി കിട്ടേണ്ട സമരമാണ് നടന്നത്. പൊലീസ് സംയമനം പാലിക്കുകയായിരുന്നു. സമരക്കാര്‍ എടുത്തുകൊണ്ടു പോയതുകൊണ്ട് കേരളത്തില്‍ കല്ലിന് ക്ഷാമമൊന്നുമില്ല. ഇനി കേരളത്തില്‍ ഇല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവന്ന് കല്ലിടുക തന്നെ ചെയ്യും.
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിനു ശേഷം മാത്രമേ ഭൂമിയേറ്റെടുക്കുകയുള്ളൂ. കേന്ദ്രം അംഗീകരിച്ച കാര്യങ്ങളേ ഇവിടെ നടക്കുന്നുള്ളൂ. സര്‍വേ നടത്താനും ഡിപിആര്‍ തയാറാക്കാനും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള അനുമതി ഹൈക്കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും നടന്നില്ല. ഇപ്പോള്‍ നടക്കുന്ന സമരം ഹൈക്കോടതി വിധിക്കെതിരായുള്ള സമരമാണ്. വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ലെന്നും കോടിയേരി പറഞ്ഞു.
വി.ഡി.സതീശനു വേറെ പണിയൊന്നുമില്ലെങ്കില്‍ സര്‍വേക്കല്ല് പിഴുതെടുത്തു നടക്കട്ടെ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ രാജ്യത്തിനു വേണ്ടി ചിന്തിക്കുന്നവരല്ല. സമരത്തിനു പിന്നില്‍ ആളുകളും ഇല്ല. കുറച്ചു റെഡിമെയ്ഡ് ആളുകളെ കൊണ്ടുവന്ന് പ്രശ്‌നമുണ്ടാക്കി പൊലീസിനെ ആക്ട് ചെയ്യിപ്പിക്കാനും അക്രമം ഉണ്ടാക്കാനും നോക്കുന്നുവെന്നേയുള്ളു. സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ ജനങ്ങളില്ല. തെക്കുവടക്കു നടക്കുന്ന കുറച്ചു വിവരദോഷികള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന്റെ നേതൃത്വം അറുവഷളന്മാരുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha