ഇനി ഒരുവരവ് വരും... കെ റയില്‍ ശബരിമല മോഡലാക്കാന്‍ ബിജെപിയും പ്രതിപക്ഷവും ശ്രമിക്കവെ ശശികല ടീച്ചറിന് ശബരിമല കേസില്‍ നിന്നും മുക്തി; ശശികല ടീച്ചറിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിനായില്ല; കേസും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി

കേരളത്തെ ഇളക്കി മറിച്ച ശബരിമല വിഷയം ഇപ്പോഴില്ല. എല്ലാവരും പാഠം പഠിച്ചതോടെ ആര്‍ക്കും യുവതികളെ ശബരിമലയില്‍ കയറ്റേണ്ട. ശബരിമല ശാന്തമായി. ഒരു യുവതിയും മലകയറാനെത്തിയില്ല. ആരും തടയാനും എത്തിയില്ല. പക്ഷെ ഇപ്പോള്‍ വീണ്ടും ശബരിമല വിഷയമാക്കുകയാണ്. കെ റയില്‍ വിഷയത്തില്‍ ശബരിമല മോഡല്‍ ആക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നത്.
അതിനിടെ ബിജെപിക്കാര്‍ക്ക് ആശ്വാസമായ വാര്‍ത്ത. ശബരിമലയിലെ സ്ത്രീ പ്രവേശനെത്തത്തുടര്‍ന്നുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറിനെതിരെ തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശികല ടീച്ചര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ഹരിപാലിന്റെതാണ് ഉത്തരവ്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2019 ജനുവരി രണ്ടിന് വൈകിട്ട് ആറിന് തൊടുപുഴ മണക്കാട് ജംഗ്ഷനില്‍ അനധികൃതമായി യോഗം ചേര്‍ന്നെന്നും ഒരാളെ ആക്രമിച്ചെന്നുമായിരുന്നു കേസ്. തൊടുപുഴ പൊലീസ് എടുത്ത കേസില്‍ അന്തിമ റിപ്പോര്‍ട്ട് തൊടുപുഴ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയോ തൊടുപുഴയിലെ പൊതുയോഗത്തില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും അധികാരത്തിലുള്ളവര്‍ക്ക് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്നു പ്രതി ചേര്‍ത്തതാണെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഹര്‍ജിക്കാരിക്കെതിരെ തെളിവുകളോ ആരോപണമോ ഇല്ല. ഏതെങ്കിലും തരത്തില്‍ അന്വേഷണം നടത്തിയല്ല പ്രതി ചേര്‍ത്തത്. കേസില്‍ ആദ്യം ഹര്‍ജിക്കാരി പ്രതിയായിരുന്നില്ല. പിന്നീട് ഉള്‍പ്പെടുത്തിയതാണെന്നും ഹര്‍ജിക്കാരിക്കു വേണ്ടി ഹാജരായ അഡ്വ. വി. സജിത് കുമാര്‍ വ്യക്തമാക്കി. ഈ വസ്തുതകള്‍ കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് കേസും തുടര്‍ന്നുള്ള കോടതി നടപടികളും റദ്ദാക്കിയത്.
അതേസമയം കെ റയില്‍ പദ്ധതിയിലൂടെ ശബരിമല വിഷയം ഓര്‍മ്മിപ്പിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അത് തുറന്ന് പറയുകയും ചെയ്തു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് സര്‍വേക്കല്ല് നാട്ടുന്നതിനെതിരെ ജനങ്ങളില്‍ നിന്നുയരുന്ന കടുത്ത പ്രതിഷേധം, എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എമ്മിന് തലവേദനയായി. ശബരിമല യുവതീപ്രവേശന വിധിക്കു ശേഷമുണ്ടായതിന് സമാനസ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്നാണ് ആശങ്ക.
പദ്ധതിക്ക് സ്ഥലമേറ്റെടുക്കലല്ല നടക്കുന്നതെന്ന സര്‍ക്കാര്‍ വിശദീകരണം സമരക്കാര്‍ കണക്കിലെടുക്കുന്നില്ല. ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കുഞ്ഞിനു മുന്നില്‍ വച്ച് യുവതിയെ പൊലീസ് വലിച്ചിഴച്ച സംഭവം വലിയ ചര്‍ച്ചയായി.
ജനമിളകിയതോടെ, ശബരിമല യുവതീപ്രവേശന വിധിയെ തുടക്കത്തില്‍ അനുകൂലിച്ചവരടക്കം മലക്കം മറിഞ്ഞിരുന്നു. നാമജപ ഘോഷയാത്രയുള്‍പ്പെടെ നടത്തി സമരം കൊഴുപ്പിച്ച അവസ്ഥയുടെ ഏതാണ്ട് അതേ നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നാണ് സമീപദിവസങ്ങളിലെ സമരങ്ങള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം തിരിച്ചുവരവിനുള്ള മികച്ച അവസരമായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്.
വീടിനു മുന്നില്‍ കല്ലിടുമ്പോള്‍ സ്വാഭാവികമായി ആളുകളിലുയരുന്ന ആശങ്കകള്‍ സര്‍ക്കാരിനെതിരായ ജനവികാരം ശക്തിപ്പെടുത്തുമെന്നവര്‍ കണക്കുകൂട്ടുന്നു. ബോധവത്കരിക്കാന്‍ സി.പി.എംസമരം രാഷ്ട്രീയപ്രേരിതമാണെന്ന പ്രചാരണം ശക്തമാക്കിയാണ് സി.പി.എമ്മിന്റെ പ്രതിരോധം.
ഏകപക്ഷീയമായി ബലപ്രയോഗത്തിലൂടെ കല്ലിടുന്നത് സര്‍ക്കാര്‍വിരുദ്ധ വികാരം ശക്തിപ്പെടുത്തുമെന്ന് യു.ഡി.എഫ് കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈവിട്ട ന്യൂനപക്ഷവിഭാഗങ്ങളെ തിരിച്ചെത്തിക്കാനുള്ള അവസരമായി മലബാര്‍ മേഖലയിലടക്കം ഉയരുന്ന പ്രക്ഷോഭങ്ങളെ കാണുന്നു. സില്‍വര്‍ലൈനിനെതിരായ ജനവികാരം മുതലാക്കാന്‍ ബി.ജെ.പിയും യുവമോര്‍ച്ചയും ശക്തമായ സമര പ്രചരണ പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടൊപ്പം ശശികല ടീച്ചറും രംഗത്തിറങ്ങുമോന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha