31ന് നിർണായകമായ ജനറല്‍ ബോഡിയോഗം; ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ നീക്കം!

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം തുടങ്ങിയതിന് പിന്നാലെ ദിലീപിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നതിനു പിന്നാലെ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിലും ദിലീപിനെതിരെ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്. പൊതുവെ പറഞ്ഞാൽ ദിലീപിന് ഇപ്പോൾ അത്ര നല്ല സമയമല്ല. എന്നാലിപ്പോഴിതാ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ്. ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ നീക്കമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായ ആന്റണിയെയും പുറത്താക്കാന്‍ ഫിയോക് ഭരണഘടന ഭേദഗതിക്കാണ് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്.
ഇക്കാര്യത്തിലെ അന്തിമതീരുമാനം 31ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലുണ്ടാകും. ഒടിടി റിലീസ് സംബന്ധിച്ച അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കാനുള്ള നീക്കം സംഘടനക്കുള്ളില്‍ നടക്കുന്നത്. ഫിയോക് ഭാരവാഹിത്വം വഹിച്ചിട്ടും ഒടിടി റിലീസുകളെ പിന്തുണയ്ക്കുന്ന നടപടിയില്‍ രൂക്ഷവിമര്‍ശനമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നത്. 2017ലാണ് ഫിലീം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് ആരംഭിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും നിശ്ചയിക്കുകയായിരുന്നു.
ഈ രണ്ട് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്നും ഭരണഘടനയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ദിലീപിനെയും ആന്റണിയെയും പുറത്താക്കാനുള്ള നീക്കവും നടക്കുന്നത്. നേരത്തെ ദുല്‍ഖര്‍ സല്‍മാനും താരത്തിന്റെ നിര്‍മാണ കമ്പനിക്കും ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സല്യൂട്ട് സിനിമയുടെ ഒടിടി റിലീസിന്റെ പേരിലായിരുന്നു നടപടി. വ്യവസ്ഥകള്‍ ലംഘിച്ചാണ് സല്യൂട്ട് ഒടിടിക്ക് നല്‍കിയത് എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം.
https://www.facebook.com/Malayalivartha