കുറേനാള്‍ ഓങ്ങിവച്ചതാ... ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ നിരന്തരം പരാതികള്‍ ഉന്നയിച്ച സഖാക്കള്‍ക്ക് ശക്തമായ ഒരു കാരണം കിട്ടി; എളമരം കരിമിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയ വിനു വി ജോണിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസ് മാര്‍ച്ച് വന്‍ വിജയമാക്കാന്‍ അണിയറ നീക്കം

ചാനല്‍ ന്യൂസ് അവതാരകന്‍മാരും ചര്‍ച്ച നയിക്കുന്നവരും തങ്ങളുടെ നിലപാട് അടിച്ചേല്‍പ്പിച്ച് വിധി പറയാന്‍ ശ്രമിച്ചാലെങ്ങനെയാണ്. മലയാള ന്യൂസ് ചനലുകള്‍ക്കെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരാതി ഉന്നയിച്ചതാണ്. സിപിഎം ഇടയ്ക്ക് ഏഷ്യാനെറ്റ് ബഹിഷ്‌ക്കരിച്ചതുമാണ്. അവസാനം കോമ്പ്രമൈസായതും നമ്മള്‍ കണ്ടതാണ്. എന്നാലിപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വലിയൊരു പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ എം എം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരിമിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസിലേക്ക് ഇന്ന് തൊഴിലാളികള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
കഴിഞ്ഞദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി. ജോണ്‍ എളമരം കരീമിനെയും പണിമുടക്ക് നടത്തിയ തൊഴിലാളികളെയും ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതായി യൂനിയനുകള്‍ ആരോപിക്കുന്നു. എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുന്ന സമയത്ത് കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കി വിടുകയും അദ്ദേഹത്തിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്നാണ് വിനു ചാനല്‍ചര്‍ച്ചയില്‍ ചോദിച്ചത്. ഇത്തരം ചോദ്യങ്ങളിലൂടെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ നിലവാരം അധഃപതിച്ച കാഴ്ചയാണ് കാണുന്നതെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭിപ്രായപ്പെട്ടു.
ഒരു മാധ്യമ പ്രവര്‍ത്തകന്റെ നിലവാരം അത്ര അധപതിച്ച കാഴ്ചയാണ് കണ്ടതെന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല. അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
യാത്രകള്‍ ഒഴിവാക്കിയും കടകള്‍ അടച്ചും പണിമുടക്കിയുീ സഹകരിക്കണമെന്ന് തൊഴിലാളികള്‍ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു. എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമര്‍ശിച്ചതിനാണ് വിനു ജോണ്‍ തന്റെ മളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത് എന്ന് യൂണിയനുകള്‍ ആരോപിച്ചു. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അതേസമയം സി.പി.ഐ.എം രാജ്യസഭകക്ഷി നേതാവ് എളമരം കരീമിനെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണ്‍ ആക്ഷേപിച്ചതില്‍ ഇടതുപക്ഷ എം.പിമാരും പ്രതിഷേധിച്ചു.
പ്രതിഷേധിക്കാനും പണിമുടക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരിലാണ് എളമരം കരീമിനുനേരെയുള്ള അധിക്ഷേപം. മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവും സമാദരണീയനായ പാര്‍ലമെന്റേറിയനുമായ അദ്ദേഹത്തെ ഇത്തരത്തില്‍ ആക്ഷേപിച്ചത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.
ആക്രമണത്തിനുള്ള ആഹ്വാനംപോലെയാണ് അവതാരകന്‍ സംസാരിച്ചത്. ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല ഈ പെരുമാറ്റം. മാധ്യമസ്വാതന്ത്ര്യത്തിനു അടിസ്ഥാനമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍വരുന്നതുമല്ല അവതാരകന്റെ പരാമര്‍ശങ്ങള്‍. അങ്ങേയറ്റം അപലപനീയമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് സമൂഹത്തോടും എളമരം കരീമിനോടും മാപ്പ് പറയാന്‍ വിനു വി. ജോണ്‍ തയ്യാറാകണം. അതിനുള്ള മാന്യത അദ്ദേഹം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു, എന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നു.
എന്തായാലും പരമാവധി ആളിനെ കൂട്ടി വിനു വി ജോണിന്റേയും ഏഷ്യാനെറ്റിന്റേയും കണ്ണ് തുറപ്പിക്കുകയായിരിക്കും സംഘടനകളുടെ ലക്ഷ്യം.
" fram
https://www.facebook.com/Malayalivartha