16 മണിക്കൂര്‍ കിട്ടേണ്ടടത് കിട്ടി... നടിയെ പീഡിപ്പിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ഹര്‍ജി തള്ളിയത് ആശ്വാസം; ഇല്ലെങ്കില്‍ കഥയും കളിയും മാറിയേനെ; ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചുമായി ഗൂഢാലോചന നടത്തിയെന്ന് ദിലീപ്; 16 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

നടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് ജാമ്യം ലഭിക്കുമോ എന്നാണ് പലരും ഉറ്റ് നോക്കിയത്. ദീര്‍ഘനാളായി ജയിലില്‍ കിടക്കുന്നതിനാല്‍ ചിലപ്പോള്‍ ജാമ്യം കിട്ടാന്‍ സാധ്യതയുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ പുതിയ കഥകളും കളികളും ഉണ്ടായേനെ. എന്നാല്‍ തത്ക്കാലും പള്‍സര്‍ സുനിയ്ക്ക് ജാമ്യം ലഭിച്ചില്ല.
സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ഗൗരവമേറിയ കേസില്‍ പ്രതിക്കെതിരെ വ്യക്തമായ ആരോപണം നിലവിലുള്ള സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്നും സമൂഹത്തിന് അതു തെറ്റായ സന്ദേശം നല്‍കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
ജയിലില്‍ ആയിട്ട് 5 വര്‍ഷം കഴിഞ്ഞുവെന്നും വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണു പള്‍സര്‍ സുനി ജാമ്യഹര്‍ജി നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിത്തരണമെന്നു വിചാരണക്കോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജയിലില്‍ ഭീഷണി ഉണ്ടെങ്കില്‍ ജയില്‍ അധികൃതര്‍ വേണ്ടതു ചെയ്യുമെന്നും ജാമ്യം നല്‍കാന്‍ ഇതു കാരണമല്ലെന്നും കോടതി പറഞ്ഞു. വിചാരണ അന്തിമ ഘട്ടത്തിലാണെന്നു പറഞ്ഞ് പ്രോസിക്യൂട്ടര്‍ ഹര്‍ജിയെ എതിര്‍ത്തു.
അതേസമയം നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഇന്നു വാദം തുടരും. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയ ശേഷമാണു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നു ദിലീപ് വാദിച്ചു. സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുവരും. മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നതിന് മുന്‍പും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ബാലചന്ദ്രകുമാര്‍ കണ്ടിരുന്നെന്നും ദിലീപ് അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്.
നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് സാക്ഷിയായ ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കൃത്യമായ അന്വേഷണത്തിനായി സാഗര്‍ വിന്‍സന്റിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നു ബൈജു പൗലോസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. മൊഴിമാറ്റാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദം ചെലുത്തുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.നാരായണന്‍ അറിയിച്ചു. ജസ്റ്റിസ് അനു ശിവരാമനാണു ഹര്‍ജി പരിഗണിക്കുന്നത്.നടി കാവ്യ മാധവന്റെയും സഹോദരന്റെയും ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍.
അതേസമയം ക്വട്ടേഷന്‍ നല്‍കി നടിയെ പീഡിപ്പിച്ച കേസില്‍ തനിക്കെതിരെ ഗൂഢാലോചനയുണ്ടായെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി രണ്ടാം ദിവസവും ആലുവ പൊലീസ് ക്ലബില്‍ നടന്ന ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ദിലീപ് ഈ വാദം വീണ്ടും ഉന്നയിച്ചത്. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണവും ഗൂഢാലോചനയുടെ തുടര്‍ച്ചായാണെന്നും ദിലീപ് പറഞ്ഞു. ഇന്നലെ രാവിലെ 10.30ന് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 8നാണ് പൂര്‍ത്തിയായത്.
സംവിധായകന്‍ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്ക് 2ന് ബാലചന്ദ്രകുമാറിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തു. രണ്ടു ദിവസമായി 16 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യം ചെയ്തത്. തല്‍ക്കാലം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും എഡിജിപി ശ്രീജിത് പറഞ്ഞു. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
"
https://www.facebook.com/Malayalivartha