'തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം'; കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് വള്ളക്കടവ് സ്വദേശി സുമേഷ്; അപകടമരണമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത് പോലീസിന്റെ അന്വേഷണത്തിൽ; സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ മൂന്നുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തി. വള്ളക്കടവ് സ്വദേശി സുമേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
തിരുവനന്തപുരം ചാക്ക ബൈപ്പാസിലാണ് സംഭവം നടന്നത്. ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുകയായിരുന്ന സുമേഷിനെയും സുഹൃത്തിനെയും മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സുമേഷ് അപകട സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ അപകടമരണമായി കണക്കാക്കിയ സംഭവം വഞ്ചിയൂർ പോലീസിന്റെ തുടരന്വേഷണത്തിലാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഇന്നലെ വൈകുന്നേരം ചാക്കയിലെ ബാറിൽ മദ്യപിക്കാനെത്തിയ സുമേഷും സുഹൃത്തും ഇവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായി എതിർ ചേരിയിലുള്ള സംഘം ചക്ക ബൈപ്പാസിന് സമീപം കാറുമായി കാത്തു കിടക്കുകയും ഇരുചക്രവാഹനത്തിൽ വരുകയായിരുന്ന സുമേഷിനെയും സുഹൃത്തിനെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ഇരുവരെയും ഇടിച്ച വാഹനത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് അപകടമരണമെന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ബാറിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാരളി അനൂപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ് .
https://www.facebook.com/Malayalivartha