എഴുപത്തിയഞ്ച് വയസുള്ള കാൻസർ രോഗബാധിതനായ മുൻ പോലീസുദ്യോഗസ്ഥനെ സംഘം ചേർന്ന് പല്ല് അടിച്ചു തെറിപ്പിക്കുകയും ഇടത് വാരിയെല്ല് ചവിട്ടി ഒടിക്കുകയും ചെയ്ത സംഭവം; ഡി ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; കമ്മീഷൻ നടപടി പോലീസുകാർ പ്രതികളെ സഹായിക്കാനുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതായി തെളിഞ്ഞതോടെ

എഴുപത്തിയഞ്ച് വയസുള്ള കാൻസർ രോഗബാധിതനായ മുൻ പോലീസുദ്യോഗസ്ഥനെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് ചിലർ സംഘം ചേർന്ന് പല്ല് അടിച്ചു തെറിപ്പിക്കുകയും ഇടത് വാരിയെല്ല് ചവിട്ടി ഒടിക്കുകയും ചെയ്തിട്ടും അക്രമം നടത്തിയവരെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്ന പരാതി ഡി ഐ ജി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും അംഗം വി..കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ മുറി സ്വദേശി ബഷീറുദ്ദീൻ ലബ്ബയുടെ പരാതിയിലാണ് നടപടി.പരാതിക്കാരന്റെ മകനെ ആക്രമിച്ച കേസിൽ വസ്തുതകൾ അന്വേഷിക്കാനാണ് പരാതിക്കാരൻ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് സമീപത്തെത്തിയപ്പോൾ മകനെ ആക്രമിച്ചവർ പരാതിക്കാരന്റെ നേരെ ചാടി വീണ് രണ്ട് പല്ലുകൾ ഇളക്കുകയും വാരിയെല്ലിൽ ചവിട്ടുകയും ചെയ്തു, ഇത് സംബന്ധിച്ച ചികിത്സാ രേഖകൾ പരാതിക്കാരൻ ഹാജരാക്കി.
കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പരാതിക്കാരനെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് കമ്മീഷനിൽ സമർപ്പിച്ചത്. പരാതിക്കാരന്റെ വാരിയെല്ലിൽ ചവിട്ടിയതിനോ പല്ല് ഇടിച്ച് തെറിപ്പിച്ചതിനോ എതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. 2021 സെപ്റ്റംബർ 18 ന് രാത്രി 7.50 നും 8.30 തിനുമിടക്കുള്ള സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണറെ കമ്മീഷൻ താക്കീത് ചെയ്തു. വ്യക്തമായ അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ടുകൾ ജാഗ്രതയോടെ വേണം സമർപ്പിക്കേണ്ടതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പോലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന സംഭവമായിട്ടും സി സി റ്റി വി ദൃശ്യം പരിശോധിക്കാതെ ലാഘവ ബുദ്ധിയോടെ പരാതി കൈകാര്യം ചെയ്ത സ്റ്റേഷൻ ഹuസ് ഓഫീസറെയും കമ്മീഷൻ വിമർശിച്ചു. പോലീസുകാർ പ്രതികളെ സഹായിക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന നിഗമനത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha