വാപൊളിച്ച് സഖാക്കള്‍... സംസ്ഥാന സര്‍ക്കാരിനെയും നേതാക്കളേയും വരച്ച വരയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന; ശക്തമായ നീക്കം നടത്തി ബിജെപി; ന്യൂനപക്ഷക്കാരനും ബിജെപിക്ക് സ്വീകാര്യനുമായ വ്യക്തിയായതിനാല്‍ എതിര്‍പ്പിന് സാധ്യത കുറവ്

ഇപ്പോള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംബന്ധിച്ച് സുപ്രധാന ചര്‍ച്ചകള്‍ നടക്കുകയാണ്. നിലവില്‍ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുന്ന സ്ഥിതിക്ക് പുതിയ രാഷ്ട്രപതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിച്ചു വരികയാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെയും കരുതലോടെയാണ് കാണുന്നത്.
എല്ലാവര്‍ക്കും സ്വീകാര്യനായ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. ജയിക്കാന്‍ സാധ്യത കുറവായിരുന്നുവെങ്കിലും കഴിഞ്ഞ തവണ രാം നാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചെടുത്തു. ദളിത് വിഭാഗങ്ങളില്‍ ശക്തമായ കേഡര്‍ ബേസ് ഉണ്ടാവുന്നത് കൂടി മനസില്‍ കണ്ടാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് ബിജെപിയെത്തിയത്.
ഇത്തവണയും അതുപോലെ നല്ലൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. ബിജെപിയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. അങ്ങനെയാണ് ആരിഫ് മുഹമ്മദ് ഖാനും ചര്‍ച്ചകളില്‍ വരുന്നത്. രണ്ട് ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള രണ്ട് നേതാക്കളാണ് ബിജെപിയുടെ ആദ്യ പട്ടികയിലുള്ളത്. ചത്തീസ്ഗഡ് ഗവര്‍ണറായ അനസൂയ യൂക്കേ, മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപതി മുര്‍മു എന്നിവരാണിത്.
ഇതുകൂടാതെ കര്‍ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും പരിഗണിക്കുന്നുണ്ട്. ബിജെപിയുടെ മുതിര്‍ന്ന ദളിത് നേതാവാണ് തവാര്‍ ചന്ദ്. രാജ്യസഭയില്‍ ബിജെപിയെ നയിച്ച നേതാവുമാണ്. അതേസമയം ആരിഫ് മുഹമ്മദ് ഖാന്‍ ന്യൂനപക്ഷവും എല്ലാവര്‍ക്കും സ്വീകാര്യനുമാണ്. ഹിജാബ് വിഷയത്തില്‍ പോലും സ്വതന്ത്ര നിലപാട് കൈയ്യടി നേടിക്കൊടുത്തു. ഹിന്ദുത്വ പാര്‍ട്ടി എന്ന പ്രതിച്ഛായ മാറ്റാനും ഇത് സഹായിക്കുമെന്നവര്‍ കരുതുന്നു.
അതേസമയം ഇരുവരെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങും അര്‍ജുന്‍ മുണ്ടെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
1951 ല്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ജനിച്ചത്. അലിഗഢ് സര്‍വകലാശാല, ഷിയാ കോളേജ്, ലഖ്‌നൗ സര്‍വകലാശാലഎന്നിവിടങ്ങളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ഉത്തര്‍ പ്രദേശ് നിയമസഭയിലേക്ക് ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സിയാന മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
സ്വതന്ത്രാ പാര്‍ട്ടി സ്ഥാപകനായ ഭാരതീയ ലോക് ദള്‍ നേതാവ് ചരണ്‍സിങ്ങിന്റെയും അനുയായിയായി അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ വന്നു. തുടക്കത്തില്‍ അദ്ദേഹം, ജനതാ പാര്‍ട്ടിക്കാരനായിരുന്നു. പിന്നീട്, കോണ്‍ഗ്രസിലെത്തിയെങ്കിലും ബോഫോഴ്‌സ് അഴിമതിമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച വി.പി. സിംഗ്, അരുണ്‍ നെഹ്രു, മുഫ്തി മുഹമ്മദ് സെയ്ദ്, വി. സി. ശുക്ല, രാംധന്‍, രാജ് കുമാര്‍ റായി, സത്യപാല്‍ മാലിക് എന്നിവരുമായിച്ചേര്‍ന്ന് ജനമോര്‍ച്ച എന്ന രാഷ്ട്രീയപാര്‍ട്ടി രൂപവല്‍ക്കരിക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്തു. തുടര്‍ന്ന് ജനമോര്‍ച്ച ജനതാദളായി പരിണമിച്ചു. പിന്നീട് ബിഎസ്പിയിലും, ശേഷം ബിജെപിയിലും പ്രവര്‍ത്തിച്ചു. 2007ല്‍ അദ്ദേഹം ബിജെപിയില്‍നിന്ന് അകന്നു. എന്നാല്‍ മുത്തലാക്ക് വിഷയത്തോടെ മോദി സര്‍ക്കാരുമായി അദ്ദേഹം അടുക്കുകയുണ്ടായി.
1986ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജ്ജമന്ത്രിയായിരിക്കേ, മുസ്‌ലിം സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതിനായ് ലോക്‌സഭയില്‍ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ചത് അക്കാലത്തെ വലിയ വര്‍ത്തപ്രാധാന്യം നേടിയ സംഭവമായിരുന്നു.
ആരിഫ് മുഹമ്മദ് ഖാന്‍ എല്ലായ്‌പ്പോഴും മുസ്ലീങ്ങള്‍ക്കുള്ളിലെ നവീകരണത്തെ പിന്തുണച്ചിട്ടുണ്ട്. 1986 ല്‍ ഷാബാനു കേസില്‍ രാജീവ് ഗാന്ധിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് അദ്ദേഹം സഹമന്ത്രി സ്ഥാനം രാജിവയ്ക്കുകയുണ്ടായി. മുത്താലാഖ്‌നെ എക്കാലവും എതിര്‍ത്ത അദ്ദേഹം, കുറ്റവാളികള്‍ക്ക് 3 വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
2019 സെപ്റ്റംബര്‍ ഒന്നിനാണ് കേരളത്തിലെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റത്. ഇനി അദ്ദേഹത്തെ തേടിയെത്തുന്ന പുതിയ പദവിയില്‍ കേരളം അതീവ സന്തോഷത്തിലാണ്.
https://www.facebook.com/Malayalivartha