വെള്ളം കോരിയത് വെറുതേ... ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി. ബി.ഐക്ക് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിക്കവേ നിര്‍ണായക നീക്കവുമായി സംസ്ഥാന പോലീസ്; പള്‍സര്‍ സുനിയുടെ ഒറിജിനല്‍ കത്ത് കിട്ടി; അന്വേഷണത്തില്‍ നിര്‍ണായക തെളിവ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ദിലീപ് ശക്തമായി വാദിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കേസ് സിബിഐയ്ക്ക് വിടുമോ എന്ന് പോലും തോന്നി. കോടതി സര്‍ക്കാരിനോട് അഭിപ്രായം ആരായുകയും ചെയ്തു. എന്നാല്‍ കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. പ്രതിക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വാദിച്ചു.
അതിനിടെ നിര്‍ണായക നീക്കം നടത്തി അന്വേഷണ സംഘം. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായിരുന്ന കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്തിന്റെ ഒറിജിനല്‍ ലഭിച്ചത്.
ഈ കത്ത് ഏറെ നിര്‍ണായകമാണ്. ദിലീപിനെ കുടുക്കുന്ന തെളിവുകള്‍ കത്തിലുണ്ടെന്നാണ് പറയപ്പെടുന്ന്. നടിയെ ആക്രമിച്ചതിനുപിന്നിലെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവായി ഈ കത്ത് മാറും. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിള്‍ കഴിഞ്ഞദിവസം അന്വേഷണ സംഘം ശേഖരിച്ചു. ഇത് ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഇത് വരുന്നതോടെ കത്തിന്റെ സത്യം പുറത്ത് വരും.
പള്‍സര്‍സുനി എഴുതിയ കത്ത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. 2018 മേയ് ഏഴിനായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. അഭിഭാഷകരെയും സാക്ഷികളെയും വിലയ്‌ക്കെടുത്താലും സത്യം മൂടിവയ്ക്കാന്‍ ആകില്ല എന്നും കത്തിലുണ്ട്. കത്ത് ഏഴുതിയെങ്കിലും അത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ അഭിഭാഷകന്‍ സജിത്തില്‍ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചു നല്‍കുകയുമായിരുന്നു.
എന്നാല്‍ ഈ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കത്തിന്റെ പ്രസക്തി തന്നെ നഷ്ടമായി. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അതിനിടെയാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് ദിലീപ് ശക്തമായി വാദിച്ചത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി. ബി.ഐക്ക് കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നതില്‍ എന്താണ് എതിര്‍പ്പെന്ന് വാദത്തിനിടെ ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചോദിച്ചു. പൊലീസുദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസാണ് പൊലീസ് അന്വേഷിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കോടി സിബിഐയ്ക്ക് വിടുമോ എന്ന് പോലും തോന്നിപ്പോയി.
അതേസമയം സര്‍ക്കാര്‍ ദിലീപിന്റെ വാദങ്ങളെ ശക്തമായി എതിര്‍ത്തു. അന്വേഷണം സംബന്ധിച്ച് ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഫോണുകളിലെ സന്ദേശങ്ങള്‍ മെമ്മറി നിറഞ്ഞതിനെ തുടര്‍ന്ന് മായ്ക്കുക മാത്രമാണ് ചെയ്തതെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി ദിലീപിനു വേണ്ടി വാദിച്ചു.
വെറും വാക്ക് പറഞ്ഞത് ഗൂഢാലോചനയാകുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ കോടതിയും ഉന്നയിച്ചു. തെളിവുകള്‍ കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് യഥാസമയം അത് കൈമാറിയില്ല? ബാലചന്ദ്രകുമാറിന് മറ്റ് താത്പര്യങ്ങളില്ലെന്ന് ഉറപ്പാണോയെന്നും കോടതി ചോദിച്ചു. ദിലീപുമായി ബാലചന്ദ്രകുമാറിന് നേരത്തെ സൗഹൃദമുണ്ടായിരുന്നെന്നും ബാലചന്ദ്രകുമാര്‍ നിര്‍ണ്ണായക സാക്ഷിയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ മാറ്റി. അതിനിടയിലാണ് പള്‍സര്‍ സുനിയുടെ ഒറിജിനല്‍ കത്ത് പൊങ്ങിവന്നത്.
https://www.facebook.com/Malayalivartha