പുതിയ മദ്യനയം ഇന്നുമുതൽ പ്രാബല്യത്തിൽ; സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ, എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാൽ സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും! ബാറുകളിലെ വിവിധ ഫീസുകൾ ഇന്ന് മുതൽ വർധിപ്പിക്കും... കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയവയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിനും അനുമതി

സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ മാറ്റങ്ങൾ വന്നുതുടങ്ങുകയാണ്. അതിൽ സുപ്രധാന മാറ്റമാണ് സംസ്ഥാനത്തെ പുതിയ മദ്യനയം ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍ തുടങ്ങാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതോടൊപ്പം എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാൽ തന്നെ സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടുകയും ചെയ്യുന്നതാണ്. ബാറുകളിലെ വിവിധ ഫീസുകൾ വർധിപ്പിച്ചതും ഇന്ന് മുതൽ തന്നെയാണ് നിലവിൽ വരിക. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയിട്ടുള്ളത്.
അതോടൊപ്പം എഫ് എല്‍ 1 ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് കൂടുതൽ മദ്യശാലകൾ തുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്നത്. ജനവാസ മേഖലയില്‍നിന്ന് മാറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്‌കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴിൽ വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ പുതുതായി തുറക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം.
അങ്ങനെ കൂടുതല്‍ എഫ് എല്‍1 ഷോപ്പുകള്‍ വാക്ക് ഇൻ ഫെസിലിറ്റി സംവിധാനത്തോടെ നവീകരിക്കാൻ പുതുക്കിയ മദ്യനയത്തിൽ നിർദേശം നൽകിയിട്ടുണ്ട്. എഫ് എല്‍1 ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്, കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളായാണ് ഇതിൽ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. 170 വില്‍പ്പനശാലകള്‍ കൂടി വേണമെന്ന ആവശ്യമാണ് ബവറേജസ് കോര്‍പ്പറേഷന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. എന്നാൽ സ്ഥല സൗകര്യം അനുസരിച്ച് ആധുനിക സംവിധാനങ്ങളോടെയയാകും പുതിയ ഔട്‌ലെറ്റുകൾ തുറക്കുക. ഇതിൽ വലിയ പദ്ധതിയാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
ഇത്തരത്തിൽ പദ്ധതികളുടെ നടത്തിപ്പിനായി കേരളത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, ബിയറും ഉൽപാദിപ്പിക്കേണ്ടിവരുന്നു. ഇതിനായി നിലവിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം കൂട്ടുകയും പുതിയ യൂണിറ്റുകള്‍ തുടങ്ങുകയും ചെയ്യുന്നതാണ്. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കുന്നതാണ്. കൂടാതെ ബ്രുവറി ലൈസൻസും അനുവദിക്കുന്നതാണ്. ബാർ ലൈസൻസ് അനുവദിക്കുന്നത് 3 സ്റ്റാര്‍ മുതല്‍ ക്ലാസിഫിക്കേഷന്‍ ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമാകുകയും ചെയ്യും.
പുതിയ പദ്ധതികളിൽ നിർദ്ദേശിച്ചിട്ടുള്ളത് പ്രകാരം പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ്. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയവയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്.
എന്നാൽ ശക്തമായ എതിർപ്പാണ് സർക്കാരിന്‍റെ പുതിയ മദ്യ നയത്തിനെതിരെ പലകോണിൽ നിന്നും ഉയരുന്നത്. മദ്യനയം പുനഃപരിശോധിക്കണമെന്ന് സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസി ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇതിനോടകം തന്നെ കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ കള്ള് ഷാപ്പുകൾ തുറക്കണമെന്ന ആവശ്യവും എഐടിയുസി സർക്കാരിന് മുന്നിൽ വച്ചിരിക്കുകയാണ്. പുതിയ ബാറുകൾ തുറക്കുന്നത് അഴിമതിക്കാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപണം ഉന്നയിച്ചു.
https://www.facebook.com/Malayalivartha