കാവ്യ മാധവന് ഇന്ന് പുതിയ നോട്ടിസ് നല്‍കിയേക്കും... ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഹാജരാകുന്ന വിധം പുതിയ നോട്ടീസ് നല്‍കാനാണ് തീരുമാനം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ നടി കാവ്യ മാധവന് ഇന്ന് പുതിയ നോട്ടിസ് നല്‍കിയേക്കും. ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഹാജരാകുന്ന വിധം പുതിയ നോട്ടീസ് നല്‍കാനാണ് തീരുമാനം. കാവ്യയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
കാവ്യയുടെയും ദിലീപിന്റെയും സുഹൃത്തുക്കളായ സിനിമ മേഖലയിലുള്ള 3 പേരുടെ മൊഴിയും ഉടന്‍ അന്വേഷണ സംഘം രേഖപ്പെടുത്തും. അവസാന ഘട്ടത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. വധഗൂഢാലോചനാ കേസില്‍ മഞ്ജു വാര്യരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
അതേസമയം സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിന്റെ ഐ മാക്കിന്റെ ശാസ്ത്രീയ പരിശോധന ഫലം വേഗത്തില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിനെ സമീപിച്ചു. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച രേഖകളുടെ വിവരങ്ങള്‍ ഐ മാക്കില്‍ നിന്ന് മനസിലാക്കാന്‍ കഴിയുമോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
മുമ്പ് രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കാവ്യ ഹാജരായിരുന്നില്ല. സ്ഥലത്തില്ലെന്നാണ് ആദ്യം മറുപടി നല്‍കിയത്. രണ്ടാം തവണ നോട്ടീസ് നല്‍കിയപ്പോള്‍ ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം.
ഇതിന് ക്രൈംബ്രാഞ്ച് തയാറാകാതെ വന്നതോടെ ചോദ്യം ചെയ്യല്‍ മുടങ്ങുകയായിരുന്നു. അന്വേഷണ പുരോഗതി വിലയിരുത്താനും തുടര്‍നടപടി ചര്‍ച്ച ചെയ്യാനും കഴിഞ്ഞ ദിവസം എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
ഇതില്‍ കാവ്യയെ തങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതായാണ് സൂചന. സാക്ഷിയായ സ്ത്രീയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍, അവര്‍ ആവശ്യപ്പെടുന്നിടത്ത് അന്വേഷണസംഘം എത്തണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയോട് സ്ഥലം തീരുമാനിച്ച് അറിയിക്കാന്‍ ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്ന ദിലീപിന്റെ വീട്ടില്‍ എത്തണമെന്ന ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. ഈ നിബന്ധന മറികടക്കുന്നതിനുള്ള നിയമസാധുത ക്രൈംബ്രാഞ്ച് പരിശോധിച്ചതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് കാവ്യയെ സംശയനിഴലില്‍ നിര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയില്‍ വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം.
https://www.facebook.com/Malayalivartha
























