സ്വപ്നയുമായുള്ള എല്ലാ പിണക്കവും തീര്‍ത്ത്, ശിവശങ്കറിന് കൂടുതല്‍ പദവികള്‍ നല്‍കി സ്വസ്ഥമായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ സമാധാനം കെടുത്തിയ ആ വില്ലനെ കണ്ടെത്താന്‍ ശ്രമം തുടങ്ങി സാക്ഷാല്‍ പിണറായി വിജയന്‍

സ്വപ്നയുമായുള്ള എല്ലാ പിണക്കവും തീര്‍ത്ത്, ശിവശങ്കറിന് കൂടുതല്‍ പദവികള്‍ നല്‍കി സ്വസ്ഥമായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ സമാധാനം കെടുത്തിയ ആ വില്ലനെ കണ്ടെത്താന്‍ സാക്ഷാല്‍ പിണറായി വിജയന്‍ ശ്രമം തുടങ്ങി.
സെക്രട്ടേറിയറ്റ് എന്ന കപ്പലിലെ കള്ളന്‍മാരെ തൂക്കാന്‍ സാക്ഷാല്‍ പിണറായി നേരിട്ട് രംഗത്തിറങ്ങുന്നു. കള്ളന്‍മാര്‍ സി പി എമ്മുകാരാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ അവസാന വാക്കായ പിണറായി വിജയന്‍ മനസിലാക്കി കഴിഞ്ഞു.
സര്‍ക്കാരിന് ലഭിക്കുന്ന രഹസ്യ കുറിമാനങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിനോദം അടുത്തകാലത്തായി ചില സഖാക്കള്‍ക്ക് തുടങ്ങിയതിന് പിന്നിലെ രോഗമാണ് പിണറായി ക്യത്യമായി മനസിലാക്കിയത്. അതിനുള്ള ചികിത്സയാണ് അദ്ദേഹം ചെയ്തു തുടങ്ങിയത്.
സെക്രട്ടേറിയറ്റിലെ യൂണിയന്‍കാര്‍ക്കാണ് ഇത്തരം കുരുട്ടു ബുദ്ധികള്‍ ഉള്ളതെന്ന് മനസിലാക്കിയ മുഖ്യമന്ത്രി കെ എസ് ഇ ബിയിലെന്നതു പോലെ സെക്രട്ടേറിയറ്റിനെയും രാഷ്ട്രീയ വിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കടിഞ്ഞാണ്‍.
പഞ്ചിംഗ് ഏര്‍പ്പെടുത്തിയിട്ടും മുങ്ങുന്ന ജീവനക്കാരെ സീറ്റില്‍ ഉറപ്പിച്ചിരുത്താന്‍ വേ ണ്ടി സെക്രട്ടേറിയറ്റില്‍ 'അക്സസ് കണ്‍ട്രോള്‍' സംവിധാനം ഏര്‍പ്പെടുത്തും.. മേയ് ആദ്യവാരത്തില്‍ തുടങ്ങാനാണ് തീരുമാനം. കൊച്ചി മെട്രോ സ്റ്റേഷനുകളിലുള്ളപോലെ കാര്‍ഡ് ഉരസിയാല്‍ മാത്രം തുറക്കുന്ന ഫ്‌ളാപ്പ് ബാരിയര്‍ സംവിധാനമാണിത്. അകത്തേയ്ക്കായാലും പുറത്തേയ്ക്കായാലും കാര്‍ഡ് സൈ്വപ്പ് ചെയ്താലെ ഇത് തുറക്കൂ. ആ സമയങ്ങളൊക്കെ രേഖപ്പെടുത്തും. അതിനാല്‍ ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് എത്രത്തവണ പുറത്തിറങ്ങി എന്നത് കൃത്യമായി അറിയാനാവും.
ഔദ്യോഗികാവശ്യത്തിനല്ലാതെ പുറത്തുപോകുന്നത് ഇതിലൂടെ കണ്ടെത്തി ആബ്‌സന്റ് മാര്‍ക്ക് ചെയ്യാനാവും. സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ 'മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക്' ശമ്പളവും നഷ്ടമാകും. ഇതിന്റെ ചെലവ് 1.95 കോടി രൂപയാണ്.. കൊച്ചി മെട്രോയുടെ സഹായത്തോടെ കെല്‍ട്രോണാണ് നടപ്പാക്കുന്നത്.
നിലവില്‍ രാവിലെയും വൈകിട്ടും പഞ്ചിംഗ് നിര്‍ബന്ധമാണ്. ഇടയ്ക്കുള്ള സമയത്ത് പുറത്തുപോയാല്‍ രേഖപ്പെടുത്താന്‍ സംവിധാനമില്ല. ജീവനക്കാര്‍ക്ക് നിലവിലെ തിരിച്ചറിയല്‍ കാര്‍ഡു തന്നെ പുതിയ സംവിധാനത്തിലും ഉപയോഗിക്കാം. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ ഈ സംവിധാനമുണ്ട്. സോഫ്റ്റ്വെയറും തിരിച്ചറിയല്‍ കാര്‍ഡിലെ ബാര്‍കോഡുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. ഇതിനൊപ്പം രണ്ടുമുതല്‍ നാലുവരെ ഫ്‌ളാപ്പ് ബാരിയറുകളും ഉണ്ടാകും. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ബാരിയറുകള്‍ ഒരുമിച്ച് തുറക്കുന്നതിന് മാസ്റ്റര്‍ കണ്‍ട്രോള്‍ സംവിധാനവും നിലവില്‍ വരും.
വിവിധ തരത്തില്‍ സര്‍ക്കാറിനോട് എതിര്‍പ്പുള്ള ജീവനക്കാര്‍ ജോലി സമയത്ത് മാധ്യമ പ്രവര്‍ത്തകരെ കാണുന്നത് ഇതിലൂടെ ഒഴിവാക്കാനാകും.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ശമ്പളമായി നല്‍കിയ തുക തിരിച്ച് നല്‍കാനാവില്ലെന്ന് കാണിച്ച് പിഡബ്ല്യുസി സര്‍ക്കാരിനയച്ച കത്ത് ചോരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ ഇത്തരവൊരു സംവിധാനത്തെ കുറിച്ച് തീരുമാനിച്ചിരുന്നു. പ്രസ്തുത കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ഡ് സ്റ്റോറേജിലേക്ക് മാറിക്കഴിഞ്ഞു. കത്തിന്‍ മേല്‍ തത്കാലം ഒരു നടപടിയും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
പി.ഡബ്‌ള്യു സി എഴുതിയ കത്ത് എങ്ങനെ പുറത്തു പോയി എന്നതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. രഹസ്യ സ്വഭാവമുള്ള കത്തുകള്‍ ചോരുന്നതില്‍ മുഖ്യമന്ത്രി തന്റെ അനിഷ്ടം ഉന്നത ഉദ്യോഗസ്ഥരോട് പങ്കുവച്ചു.
ധന വകുപ്പില്‍ നിന്നാണ് കത്ത് ചോര്‍ന്നതെന്ന് സര്‍ക്കാര്‍ കരുതുന്നു. ധനകാര്യ പരിശോധനാ വിഭാഗം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി ഡബ്‌ള്യ സി ക്ക് സര്‍ക്കാര്‍ കത്തയച്ചത്. ധനവകുപ്പില്‍ മന്ത്രി കെ.എന്‍.ബാലഗോപാലിന് വേണ്ടത്ര സ്വാധീനിമില്ലെന്ന തിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് കത്ത് ചോര്‍ന്ന സംഭവം. ഇത്തരം കാര്യങ്ങളില്‍ ജാഗ്രതയോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി സി പി എം മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നിട്ടും ഫലമുണ്ടായില്ല.
സംസ്ഥാന സര്‍ക്കാരിന് കീഴിലെ കെ എസ് ഐ ടി ഐ എല്ലിന്റെ ആവശ്യത്തോടാണ് കമ്പനി മുഖം തിരിച്ചത്. തുക ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് തുക നല്‍കില്ലെന്ന് പിഡബ്ല്യുസി മറുപടി നല്‍കി. വിഷയത്തില്‍ കെ എസ് കെ ടി ഐ എല്‍ നിയമോപദേശം തേടി. സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലായിരുന്നു സര്‍ക്കാര്‍ നടപടി. കണ്‍സല്‍ട്ടന്‍സി കമ്പനിയായ പിഡബ്ല്യുസിയാണ് സ്വപ്നയെ നിയമിച്ചതെന്നും, അതിനാല്‍ സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ തുക തിരികെ നല്‍കണമെന്നുമാണ് കെഎസ്‌ഐടിഐഎല്‍, പിഡബ്ല്യുസിക്ക് നല്‍കിയ കത്ത്.
സ്വപ്നയെ നിയമിച്ചത് സര്‍ക്കാരായതുകൊണ്ടാണ് കണ്‍സള്‍ട്ടന്‍സി സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചത്.സ്വപ്നയെ നിയമിച്ചത് ശിവശങ്കറാണ്. അതിന് മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയിട്ടുണ്ടോ എന്ന് ഇന്നും വ്യക്തമല്ല.
പണം തിരികെ നല്‍കിയില്ലെങ്കില്‍ കണ്‍സല്‍ട്ടന്‍സി തുക നല്‍കാനാകില്ലെന്നും പിഡബ്ല്യുസിയെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ വഴിവിട്ട നിയമനം പുറത്തുവന്നതിന് പിന്നാലെ, സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ തുക തിരികെ പിടിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഒന്നരവര്‍ഷം മുമ്പ് ധനകാര്യപരിശോധന വിഭാഗം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. പിഡബ്ല്യുസി തുക തിരികെ നല്‍കിയില്ലെങ്കില്‍, അന്ന് കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനായിരുന്ന എം ശിവശങ്കര്‍, എംഡിയായിരുന്ന ജയശങ്കര്‍ പ്രസാദ്, സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവരില്‍ നിന്ന് തുല്യമായി പണം ഈടാക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ. പക്ഷെ ഈ ശുപാര്‍ശകളില്‍ പിന്നീട് സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ശിവശങ്കറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും സ്വപ്ന വളരെ പെട്ടെന്നാണ് പിന്‍വാങ്ങിയത്. അതിന് പിന്നിലെ രഹസ്യം ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ തന്നെയാണ് സ്വപ്നയെ പിന്‍മാറ്റിയതെന്നത് പരസ്യമായ രഹസ്യമാണ്. സ്വപ്നയുടെ സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്നത് സംബന്ധിച്ച അന്വേഷണവും അതോടെ ഇല്ലാതായി. പി.ഡബ്‌ള്യു സി ക്ക് അയച്ച കത്തിന്‍മേല്‍ നടപടി വേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതെല്ലാം മനസിലാക്കിയ ഏതോ വിരുതനാണ് പി.ഡബ്‌ള്യു സി യില്‍ നിന്നും ക്യത്യമായി മറുപടി വരുത്തി സര്‍ക്കാരിനെയും സ്വപ്നയെയും തമ്മിലടിപ്പിക്കാന്‍ തീരുമാനിച്ചത്.
എം.ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നു സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം എന്ന് സ്വപന വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ പുതിയ നീക്കം. കണ്‍സല്‍ട്ടന്റ് ഏജന്‍സിയെ വരെ മാറ്റി നിയമനത്തിന് ശിവശങ്കര്‍ പൂര്‍ണ്ണമായും ചരടുവലിച്ചെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്വപ്നയുടെ
വെളിപ്പെടുത്തലുകളില്‍ ഇതുവരെ ശിവശങ്കറിലേക്ക് അന്വേഷണം നീങ്ങിയിട്ടുമില്ല. തുക തിരികെ നല്‍കാനാകില്ലെന്ന് പിഡബ്ല്യുസി മറുപടി നല്‍കിയതോടെ കെഎസ്‌ഐടിഐഎല്‍ കൂടുതല്‍ വെട്ടിലായി. ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കുന്നതിനുള്ള നടപടികളിലേക്ക് കെഎസ്‌ഐടിഐഎല്ലിന് കടക്കേണ്ടിവരും. എന്നാല്‍ സര്‍ക്കാര്‍ ഇതിന് തയ്യാറല്ല.
എം. ശിവശങ്കര്‍ ഐ.എ.എസിനെതിരേ അതിരൂക്ഷ വിമര്‍ശനവുമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയത്. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ട്. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ ജീവിതത്തിന്റെ ഭാഗമാണെന്നും അനൗദ്യോഗിക കാര്യങ്ങള്‍ മാത്രമേ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുള്ളൂയെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
താന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും അവര്‍ പറഞ്ഞു. ഐടി വകുപ്പില്‍ സ്വപ്നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്തകത്തിലെ പരാമര്‍ശവും അവര്‍ തള്ളി. ഒരു ഫോണ്‍വിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നു. തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായ ആള്‍ക്ക് എങ്ങനെയാണ് നിയമനത്തേക്കുറിച്ച് അറിയില്ലെന്ന് പറയാന്‍ സാധിക്കുന്നതെന്നും ചോദിച്ചു.
ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ല. ഐ ഫോണുകള്‍ യൂണിടാക് സ്‌പോണ്‍സര്‍ ചെയ്തായിരുന്നു. അതിലൊന്ന് ശിവശങ്കറിന് നല്‍കാന്‍ പറഞ്ഞതായിരുന്നു. അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അദ്ദേഹത്തിന് സാങ്കേതിക പ്രശ്‌നം ഉണ്ടായപ്പോള്‍ വിട്ടില്‍ വന്നപ്പോല്‍ ഫോണ്‍ കോടുത്തു. ജന്മദിനത്തില്‍ ഫോണ്‍ മാത്രമല്ല ഒരുപാട് സാധങ്ങള്‍ കൊടുത്തിട്ടുണ്ട്.
ശിവശങ്കര്‍ എന്ന ഐഎഎസ് ഓഫീസറിന്റെ പ്രോട്ടോക്കോള്‍ എനിക്കറിയില്ല. ശിവശങ്കര്‍ എന്ന കുടുംബ സുഹൃത്തിന് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ജന്മദിനത്തിലും പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്, സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഒരു ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യം തനിക്കില്ല. ഒരാള്‍ കൊടുക്കാന്‍ പറഞ്ഞത്, എന്റെ കൈയില്‍ വെച്ച് കൈമാറി. അത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴാണ് കൊടുത്തത്.
മൂന്ന് വര്‍ഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിര്‍ത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. തന്റെ അച്ഛനടക്കം എല്ലാം തുറന്ന്‌സം സാരിക്കുമായിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കര്‍ പറയുന്നത് കേട്ട് ജീവിച്ചത്. തന്നെ ഒരു സ്ത്രീ എന്ന നിലയില്‍ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചതായി സ്വപ്ന പറഞ്ഞു.
സര്‍ക്കാരിനെ മോശമാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാര്‍ക്‌സിസ്റ്റുകള്‍ ശ്രമിക്കുന്നതായി പിണറായി വിശ്വസിക്കുന്നു.
ജീവനക്കാരുടെ സംഘടനാ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇ.എം.എസ്. പറയുന്ന കാലത്ത് കേരളത്തിലെ ജീവനക്കാര്‍ക്ക് പൊതുവായി ഒരു സംഘടന ഉണ്ടായിരുന്നില്ല. പിന്നെയും അഞ്ചു വര്‍ഷം കഴിഞ്ഞാണ് കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകരിക്കുന്നത്, 1962-ല്‍. പിന്നീട് അതില്‍നിന്നു പിരിഞ്ഞുപോയവര്‍ 1969-ല്‍ ജോയിന്റ് കൗണ്‍സിലും കൗണ്‍സില്‍ പിളര്‍ത്തിയവര്‍ 1974-ല്‍ കേരള എന്‍.ജി.ഒ അസോസിയേഷനും രൂപീകരിച്ചു. സി.പി.എമ്മിന്റെ യൂണിയനും സി.പി.ഐയുടെ കൗണ്‍സിലും കോണ്‍ഗ്രസ്സിന്റെ അസോസിയേഷനുമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയുടെ എന്‍.ജി.ഒ സംഘ്, മുസ്ലിം ലീഗിന്റെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) എന്നിവയും സജീവം. എന്‍.ജി.ഒ സെന്ററും എന്‍.ജി.ഒ ഫ്രണ്ട്സുമൊക്കെ വേറെയുണ്ട്. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും ജീവനക്കാരെ സംഘടിപ്പിക്കുകയാണ്.
ജീവനക്കാരേയും അവരുടെ സംഘടനകളേയും ആശങ്കയിലാക്കുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ കയ്യിലുണ്ട്. മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) ഡയറക്ടര്‍ ഡോ. സുനില്‍ മാണി അധ്യക്ഷനായ കമ്മിഷനും നല്‍കിയ റിപ്പോര്‍ട്ടുകള്‍ ശുഭപ്രതീക്ഷയല്ല നല്‍കുന്നത്. കൊവിഡും ലോക്ഡൗണും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ വരുത്തിയ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ച കെ.എം. എബ്രഹാം സമിതി വന്‍തോതിലുള്ള ചെലവു ചുരുക്കലാണ് നിര്‍ദ്ദേശിച്ചത്. ജീവനക്കാരുടെ പുനര്‍വിന്യാസം ഉള്‍പ്പെടെയാണ് സുനില്‍ മാണി സമിതിയുടെ ശുപാര്‍ശകള്‍. ആസൂത്രണത്തിലും വികസനത്തിലും പുനരേകീകരണം നിര്‍ദ്ദേശിക്കുന്നതാണ് സമിതിയുടെ സമീപനം. ഇത് ജീവനക്കാരുടെ അവകാശങ്ങളെ ബാധിക്കുമെന്നാണ് സംഘടനകളുടെ പേടി. ഇത്രയുമൊക്കെ ചെയ്യാമെങ്കില്‍ മാധ്യമങ്ങള്‍ ക്കും രമേശ് ചെന്നിത്തലക്കും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ജീവനക്കാരെ പിടിക്കാന്‍ പിണറായിക്ക് ഒരു ഭയവുമില്ല.
"
https://www.facebook.com/Malayalivartha

























