ഷെയ്ഖ് ദര്‍വേഷ് സാഹിബ് തന്നേക്കാള്‍ മികച്ച ഉദ്യോഗസ്ഥൻ.. കേസ് അന്വേഷണം നല്ല രീതിയില്‍ തന്നെ നടക്കും
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകള്‍ ചോര്‍ന്നതിനെ ചൊല്ലി വിചാരണ കോടതിയില്‍ ജഡ്ജിയും പോസിക്യൂഷനും തമ്മില്‍ വാഗ്വാദം നടന്നിരിക്കുകയാണ്. ദിലീപിന്റെ അഭിഭാഷകന് രേഖാമൂലം നല്കിയ കോപ്പികള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അക്കാര്യം നോക്കാന്‍ കോടതിക്കറിയാമെന്നും വിചാരണ കോടതി ജഡ്ജി പറഞ്ഞു.
എന്നാല്‍ ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെനും കോടതി ജീവനക്കാരെ സ്വാധീനിച്ചോയെന്ന് അന്വേഷിക്കേണ്ടതാണെന്നും പ്രോസിക്യൂഷന് തിരിച്ചടിച്ചു.ഇങ്ങനെ ദിലീപ് കേസ് കുഴഞ്ഞു മറിയുമ്പോൾ ഒരുപാട് ചാനൽ ചർച്ചകളാണ് പല മാധ്യമങ്ങളും നടത്തുന്നത്.പല പ്രമുഖർ ചർച്ചയിൽ പങ്കെടുക്കുകയും അവരുടെ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെക്കുന്നുമുണ്ട്..
ക്രൈംബ്രാഞ്ച് മേധാവി മാറുമ്പോഴും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തില്‍ മാറ്റം വരില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ ഗതാഗത കമ്മീഷണറായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളെ കാണവെയാണ് എസ് ശ്രീജിത്തിന്റെ പ്രതികരണം. പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു എഡിജിപി എസ് ശ്രീജിത്ത്.
കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത വ്യക്തി മാറി എന്നതിനാല്‍ അന്വേഷണത്തിന് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. സര്‍ക്കാറിന്റെ ഉറച്ച തീരുമാനം അനുസരിച്ച് അന്വേഷണം മുന്നോട്ട് പോവും. അതില്‍ ആശങ്കയുടെ ആവശ്യമില്ല. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തന്നേക്കാള്‍ മികച്ച ഉദ്യോഗസ്ഥനാണ്. കേസ് അന്വേഷണം നല്ല രീതിയില്‍ തന്നെ പുരോഗമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസില്‍ ആരും ഒറ്റയ്ക്കല്ല ജോലി ചെയ്യുന്നത്. കേസ് ശക്തിയുക്തം അന്വേഷിക്കും. സര്‍ക്കാറിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായിരുന്നു കേസില്‍ തുടരന്വേഷണം ഉണ്ടായത്. സര്‍ക്കാര്‍ പൂര്‍ണമായ പിന്തുണ അന്വേഷണത്തിന് നല്‍കുന്നുണ്ട്. വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്, അനാവശ്യമായ വിവാദങ്ങള്‍ ഉയര്‍ത്തി ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കരുത്.
സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. ആശങ്കകള്‍ ദുരീകരിക്കപ്പെടും സത്യം പുലരട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.അതിനിടെ, എഡിജിപി ശ്രീജിത്തില്‍ നിന്നും പുതിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ ചുമതല ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണറായി ചുമതലയേറ്റത്.
https://www.facebook.com/Malayalivartha