സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍

മലപ്പുറത്ത് ബന്ധുക്കളും സുഹൃത്തുക്കളുമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ഗ്രൂപ്പുകള്‍ വഴി വില്‍പന നടത്തിയ സംഭവത്തില്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശി നിതിന്‍ മോഹന്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് വികൃതമാക്കിയ ശേഷം ടെലഗ്രാം വഴിയാണ് ഇയാള്‍ വിതരണം ചെയ്തിരുന്നത്.
അതീവ ഗൗരവകരമായ കുറ്റകൃത്യമാണ് പ്രതി നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വെറും അഞ്ച് വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ നാല്‍പ്പത് വയസ്സിന് മുകളിലുള്ളവരുടെ ചിത്രങ്ങള്‍ വരെ ഇയാള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. അടുപ്പക്കാരായ യുവതികളുടെയും കുട്ടികളുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു പ്രതിയുടെ രീതി. തുടര്‍ന്ന് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയോ അല്ലാതെയോ ഇവ മോര്‍ഫ് ചെയ്ത് പണം വാങ്ങി ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പന നടത്തുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പരപ്പനങ്ങാടി പൊലീസ് ഇയാളെ കുടുക്കിയത്. നിതിന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കുറ്റകൃത്യം ചെയ്തത് ഇയാള്‍ തന്നെയെന്ന് സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചു.
https://www.facebook.com/Malayalivartha

























