പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സിടി സ്കാൻ മെഷീൻ ഇതിനോടകം കേടായത് മൂന്ന് തവണ, പിന്നിൽ സ്വകാര്യ ലോബിയുടെ ഇടപെടൽ? മെഷീൻ ബോധപൂർവം കേടാക്കുന്നതാണോ എന്ന് സംശയം, അന്വേഷണം തുടങ്ങി ആരോഗ്യ വകുപ്പ്

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സിടി സ്കാൻ മെഷീൻ ബോധപൂർവം കേടാക്കുന്നതാണോ എന്ന സംശയത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് അന്വേഷണം. മെഷീൻ മനഃപൂർവം കേടാക്കുന്നതാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ഇതിനോടകം 3 തവണ മെഷീൻ കേടായി. ഇതിനുപിന്നിൽ സ്വകാര്യ ലോബിയുടെ ഇടപെടലുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് പുറത്തെ സ്വകാര്യ ലാബിലേക്കാണ് സിടി സ്കാനിങ് എഴുതി നൽകുന്നത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരന് അപകടം ഉണ്ടായപ്പോഴും സ്കാനിങ് മെഷീൻ തകരാറിലായിരുന്നു. അദ്ദേഹത്തിന് മികച്ച ചികിത്സ നൽകുന്നതിന്റെ ഭാഗമായാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്. തലയ്ക്കു പരുക്കേറ്റ് രക്തം കട്ടയാകുന്ന അവസ്ഥയിൽ മികച്ച ചികിത്സ നൽകുന്നതിനാണ് മുൻകൈ എടുത്തത്. പനിക്കു മരുന്നെഴുതുന്ന ആശുപത്രിയിൽ നിന്ന് ഇപ്പോൾ കാണുന്ന അവസ്ഥയിലേക്ക് ജനറൽ ആശുപത്രിയെ ഉയർത്തിയത് തന്റെ പരിശ്രമ ഫലമാണെന്നും മന്ത്രി പറഞ്ഞു.
കാത്ത് ലാബിൽ ഡോക്ടർമാരില്ലെന്ന ആരോപണവും തെറ്റാണ്. 3 ഹൃദ്രോഗ വിദഗ്ധന്മാർ കാത്ത് ലാബിലുണ്ട്. മറ്റൊരു ജനറൽ ആശുപത്രിയിലും ഇല്ലാത്ത സൗകര്യമാണിത്.ആശുപത്രിയുടെ വികസനത്തിനായി വർഷങ്ങൾക്കു മുൻപ് തയാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നില്ലെന്നതും തെറ്റായ ആരോപണമാണ്. മാസ്റ്റർ പ്ലാൻ തയാറാക്കാൻ കിറ്റ്കോയെ ഏൽപിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. അവർ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സമർപ്പിക്കാത്ത റിപ്പോർട്ട് വർഷങ്ങളായി നടപ്പാക്കാതെ വച്ചിരിക്കുകയാണെന്നു പറയുന്നതിൽ അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
കോന്നി മെഡിക്കൽ കോളജ് ആശുപത്രി അതിന്റെ ശൈശവ ദശയിലാണ്. അവിടെ കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും മൈനർ ഓപ്പറേഷൻ തീയറ്ററും തുടങ്ങിയത് കഴിഞ്ഞ 11 മാസത്തിനിടെയാണ്. ഘട്ടം ഘട്ടമായി മാത്രമേ ആശുപത്രി പൂർണതോതിലെത്തു. അതിനു മുൻപ് അവിടെ സൗകര്യങ്ങളില്ലെന്ന് പറയുന്നത് ഇതുവരെയുള്ള നേട്ടങ്ങളെ കുറച്ചു കാണിക്കാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























