പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍.... പ്രധാന പ്രതി കീഴാറ്റൂര്‍ സ്വദേശി യഹ്‌യ ഒളിവിലാണ്; പ്രവാസിയെ ആശുപത്രിയില്‍ കാറില്‍ കൊണ്ട് വന്ന് സ്ട്രക്ചറില്‍ കിടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു

പെരിന്തല്‍മണ്ണയില്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍. പ്രധാന പ്രതി കീഴാറ്റൂര്‍ സ്വദേശി യഹ്‌യ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് പറഞ്ഞു.
പെരിന്തല്‍മണ്ണ സ്വദേശികളായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, മണികണ്ഠന്‍, അനസ് ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ അലിമോനും അല്‍ത്താഫും റഫീഖും കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായും മറ്റു 2 പേര്‍ സഹായം ചെയ്തതായും പൊലീസ് പറഞ്ഞു. കേസില്‍ മുഖ്യപ്രതി അറസ്റ്റിലാകുന്നതുവരെ അവരെ സഹായിക്കുന്ന എല്ലാവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് പ്രവാസി അബ്ദുല്‍ ജലീലിനെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് ഉദ്ദേശിച്ച സ്വര്‍ണം കിട്ടാത്തതു കൊണ്ടാണ് ക്രൂരമര്‍ദനമുണ്ടായത്. അവശനായതിനെത്തുടര്‍ന്നാണ് യഹ്‌യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മുങ്ങുകയായിരുന്നു. ആശുപത്രിയില്‍ കാറില്‍ കൊണ്ട് വന്ന് സ്ട്രക്ചറില്‍ കിടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. ഇതില്‍ യഹിയയുടെ മുഖം വ്യക്തമാണ്. അതേസമയം സ്വര്‍ണം എത്രയാണെന്നും ഇയാള്‍ കൊണ്ടു വന്നതാണോയെന്നും ആര്‍ക്കു വേണ്ടിയാണെന്നും സംബന്ധിച്ച് അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.
അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീലാണ് ക്രൂര മര്ദനത്തിനിരയായി പെരിന്തല്‍മണ്ണയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി 4 ദിവസങ്ങള്‍ക്ക് ശേഷം ക്രൂരമര്‍ദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അബ്ദുല്‍ ജലീലിനെ പ്രവേശിപ്പിച്ചത്. ദേഹമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നു. മസ്തിഷ്‌ക രക്ത സ്രാവവും വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതും മരണത്തിന് കാരണമായി.
വഴിയരികില്‍ പരിക്കേറ്റ് കിടന്നയാളാണെന്ന് പറഞ്ഞാണ് യഹിയ അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്. നെടുമ്പാശേരി വിമാനം ഇറങ്ങിയത് മുതല്‍ എല്ലാം ദുരൂഹമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാവിലെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച അബ്ദുല്‍ ജലീല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ അര്‍ധരാത്രിയാണ് മരിച്ചത്. ഏതെങ്കിലും തരത്തില്‍ ശത്രുക്കള്‍ ഉള്ളയാളല്ല ജലീല്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. ക്രൂര മര്‍ദനങ്ങള്‍ക്കിരയായിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
കഴിഞ്ഞ ഞായറാഴ്ച ആണ് അബ്ദുല്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരി എത്തിയത്. കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് എത്തിയവരെ മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്ന് പറഞ്ഞ് ഇയാള്‍ മടക്കി അയച്ചു. പിന്നീട് രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞ് ഇയാള് വീഡിയോ കോള്‍ ചെയ്തു. പക്ഷേ ചൊവ്വാഴ്ചയായിട്ടും ജലീലിനെ കാണാത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പൊലീസില്‍ പരാതി നല്‍കി. പിറ്റേന്ന് ജലീല്‍ വിളിച്ചപ്പോള്‍ ഭാര്യ ഇക്കാര്യം പറഞ്ഞിരുന്നു. ഉടന്‍ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ആണ് ഇയാളെ പരിക്കേറ്റ നിലയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജലീലിനെ ആശുപത്രിയില്‍ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോണ്‍ വഴി ആരോ വിളിച്ച് പറയുകയും ചെയ്തു. അപ്പോഴാണ് കുടുംബം ഇക്കാര്യം അറിയുന്നത്. ജലീലിന്റെ ഭാര്യ മുബഷീറ പറയുന്നു. ' പതിനഞ്ചാം തീയതിയാണ് ഇക്ക നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഞങ്ങളെ വിളിച്ച് വീട്ടിലേക്ക് എത്തിക്കോളാം എന്ന് പറഞ്ഞു.
പിന്നീട് രണ്ട് ദിവസവും വീഡിയോ കോള്‍ ചെയ്തിരുന്നു. ചൊവ്വാഴ്ച ആയിട്ടും വീട്ടില്‍ എത്താത്തത് കൊണ്ട് ഞങ്ങള്‍ അഗളി പൊലീസിന് പരാതി കൊടുത്തു. അക്കാര്യം പിന്നിട് വീഡിയോ കോള്‍ ചെയ്തപ്പോള്‍ പറഞ്ഞു. അപ്പോള്‍ പിന്നില്‍ നിന്ന് ആരോ പരാതി പിന്‍വലിക്കാന്‍ പറഞ്ഞു. പിന്നെ വ്യാഴാഴ്ച രാവിലെ ആണ് ആരോ വിളിച്ച് പറയുന്നത് ജലീലിനെ ആശുപത്രിയില്‍ ആക്കി എന്നാണ്. ഇവിടെ വന്ന് നോക്കിയപ്പോള്‍ ആള്‍ വെന്റിലേറ്ററില്‍ ആണ്. വിളിച്ചത് ഏതോ നാലക്ക നമ്പരില്‍ നിന്ന് ആണ് '.
https://www.facebook.com/Malayalivartha