മാനേജ്‌മെന്റുകളുടെ പീഡനം തുടരുന്നു, റോജി റോയിയുടെ മുറിവ് മാറുന്നതിന് മുമ്പ് ധന്യ ഡേവിഡ് ഹോസ്റ്റലില്‍ നിന്ന് ചാടിമരിച്ചത് മാനസിക സമ്മര്‍ദ്ദംമൂലം

\'സോറി പപ്പ, സോറി മമ്മി \' ഇനിയൊരിക്കലും തിരിച്ചുവരാതെ മകള്‍പോയതിന്റെ കാരണം അറിയാതെ വിതുബുകയാണ് തൃക്കാക്കര ചാലിശ്ശേരിയില്‍ ഡേവിഡ്. തന്റെ അരുമയായ മകള്‍ അത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്താണെന്ന് ഈ അച്ഛന് അറിയില്ല. കഴിഞ്ഞ ദിവസമാണ് എറണാകുളം ലിസി കോളേജ് ഒഫ് നഴ്‌സിംഗിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ധന്യ ഡേവിഡ് (20) ഹോസ്റ്റലിന്റെ പത്താം നിലയില്‍ നിന്ന് ചാടി മരിച്ചത്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ ക്‌ളാസില്‍ ഇരുന്ന ശേഷം ഹോസ്റ്റലിലേക്ക് പോയതാണ്. അടുക്കള ഭാഗത്ത് ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ധന്യ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടാഴ്ചയ്ക്കകം പരീക്ഷ നടക്കാനിരിക്കെ പ്രോജക്ട് വര്‍ക്കുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധന്യയ്ക്കു കഴിഞ്ഞിരുന്നില്ല. ഇതാകാം ആത്മഹത്യയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. ധന്യ ഇടതു ഉള്ളം കൈയില്‍ \'സോറി പപ്പ, സോറി മമ്മി \' എന്ന് നീലമഷി കൊണ്ട് എഴുതിയിട്ടുണ്ട്. സ്വകാര്യ നഴ്‌സിംങ് കോളേജുകളില്‍ മാനേജുമെന്റുകളുടെ മാനസിക പീഡനമാണ് നടക്കുന്നതെന്ന് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കെയാണ് ധന്യയുടെ മരണം. മാസങ്ങള്‍ക്ക് മുമ്പ് തിരുവന്തപുരം കിംസ് ആശുപത്രിയില്‍ റോജി റോയി എന്ന നഴ്‌സിംങ് വിദ്യാര്‍ഥിനി ഇതുപോലെ ഹോസ്പിറ്റലില്‍ നിന്ന് ചാടി മരിച്ചിരുന്നു. ഇതിന് സമാനമായ മരണമാണ് ധന്യയുടേതും.
മനേജ്‌മെന്റ് വിദ്യാര്‍ഥിനികളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാറുണ്ടെന്ന് ആരോപണമുണ്ട്. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ വിദ്യാഭ്യാസ വായ്പയും മറ്റുമെടുത്താണ് ഇത്തരം കോഴ്‌സുകള്‍ പഠിക്കാനെത്തുന്നത്. വിദേശത്തെ ജോലി സാധ്യത തന്നെയാണ് ഇതിന് കാരണവും. അഞ്ച് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ കടത്തില്‍ പഠനത്തിനെത്തുന്ന കുട്ടികള്‍ക്ക് മാനസിക പീഡനമാണ് മിക്ക നേഴ്‌സിങ് കോളേജുകളും നല്‍കുന്നത്. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഭയപ്പെടുത്തലുകള്‍. ഇതെല്ലാമുമ്പോള്‍ പ്രോജക്ട് റിപ്പോര്‍ട്ട് പോലുള്ള നിസ്സാര കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. ഇത് തന്നെയാണ് ലിസി ആശുപത്രിയിലെ സംഭവിച്ചതെന്നാണ് ആരോപണം.
പഠനാവധി ഇന്നു തുടങ്ങാനിരിക്കെയാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കളമശ്ശേരി രാജഗിരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് പിതാവ് ഡേവിഡ്. ഏക സഹോദരന്‍ ഫ്രാന്‍സിസ് കുവൈറ്റിലാണ്. കൊച്ചന്നയാണ് മാതാവ്. എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ എസ്.ഐ എസ്. സനലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ലിസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.
പരീക്ഷയടുത്തിട്ടും പ്രോജക്ട് വര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയാത്തതിന്റെ മാനസിക സമ്മര്‍ദ്ദമാകാം ധന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ലിസി മെഡിക്കല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഫാദര്‍ തോമസ് വൈക്കത്തുപറമ്പന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























