വിമതരെ കൂട്ടി എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ സിപിഎം നീക്കം, വെള്ളാപ്പള്ളി നടേശനുമായി അഭിപ്രായവ്യത്യാസമുള്ളവരുടെ യോഗം ബുധനാഴ്ച തലശേരിയില്‍

മൂന്നാം മുന്നണി ഭീഷണിയുയര്‍ത്തുന്ന എസ്.എന്‍.ഡി.പിയെ പിളര്‍ത്താന്‍ സി.പി.എം. നീക്കം തുടങ്ങി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അഭിപ്രായവ്യത്യാസമുള്ളവരുടെ കൂട്ടായ്മ വഴി എസ്.എന്‍.ഡി.പിയെ പിളര്‍ത്താനാണു ശ്രമം. ആദ്യഘട്ടമായി വെള്ളാപ്പള്ളി വിരുദ്ധരുടെ യോഗം ബുധനാഴ്ച തലശേരിയില്‍ ചേരും. കഴിഞ്ഞ ദിവസവും വെള്ളാപ്പള്ളി സിപിഎമ്മിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു.
എസ്.എന്‍.ഡി.പി. യോഗം മുന്‍ ജനറല്‍ സെക്രട്ടറി കെ. ഗോപിനാഥന്‍, മുന്‍ ദേവസ്വം സെക്രട്ടറി കാവിയാട് മാധവന്‍കുട്ടി, മുന്‍ ദേവസ്വം സെക്രട്ടറി പി.കെ. രാമചന്ദ്രന്‍, മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍, മുന്‍ ദേവസ്വം സെക്രട്ടറിയും ആക്ടിങ് പ്രസിഡന്റുമായിരുന്ന എം.ബി. ശ്രീകുമാര്‍, തലശേരി ജഗന്നാഥ ക്ഷേത്രം പ്രസിഡന്റ് കെ.പി. രത്‌നാകരന്‍, ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍, ജനറല്‍ കണ്‍വീനര്‍ ഡോ. ബിജു രമേശ് തുടങ്ങിയവരെ മുന്‍നിര്‍ത്തിയാണ് വെള്ളാപ്പള്ളിക്കെതിരായ സി.പി.എം. നീക്കം.
വെള്ളാപ്പള്ളിയുടെ കുടുംബവാഴ്ചയില്‍ പ്രതിഷേധമുള്ള എസ്.എന്‍.ഡി.പി. നേതാക്കളെക്കൂടി ഈ കൂട്ടായ്മയുടെ ഭാഗമാക്കാന്‍ സി.പി.എം. ശ്രമിക്കുന്നുണ്ട്. അതോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരായ ഈഴവരെ എസ്.എന്‍.ഡി.പിയുടെ ശാഖ, താലൂക്ക് യൂണിയന്‍ നേതൃത്വത്തില്‍ അണിനിരത്താനും സി.പി.എം. ലക്ഷ്യമിടുന്നു. വെള്ളാപ്പള്ളി നിര്‍ത്തുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ ഈഴവ സമുദായാംഗങ്ങളായ പാര്‍ട്ടി അംഗങ്ങളെ മത്സരരംഗത്തിറക്കാനും സി.പി.എം. തീരുമാനിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നുതന്നെയാണ് വെള്ളാപ്പള്ളി വിരുദ്ധ കൂട്ടായ്മയ്ക്കു തുടക്കം കുറിക്കുന്നത്. നാല്‍പതു വര്‍ഷത്തോളമായി ജഗന്നാഥ ക്ഷേത്രത്തിന്റെ നിയന്ത്രണം കൈയാളുന്ന ജ്ഞാനോദയം ട്രസ്റ്റിന്റെ ചുമതല കെ.പി. രത്‌നാകരനാണ്. ട്രസ്റ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ആര്‍.എസ്.എസ്. നടത്തിയ ശ്രമങ്ങളെയെല്ലാം രത്‌നാകരന്‍ ചെറുത്തു നില്‍കുകയായിരുന്നു. കൂട്ടായ്മ സംഘടിപ്പിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ വെള്ളിയാഴ്ച കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സി.പി.എമ്മിലെ പ്രമുഖര്‍ വെള്ളാപ്പള്ളി വിരുദ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനു ബദലായി ഇവരെ രംഗത്തിറക്കാനാണ് സി.പി.എം. നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























