എപ്പോഴും ഒരു സംശയത്തിന്റെ കണ്ണ് നല്ലതാണ്... പരിചയം മുതലെടുത്ത് ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചു; മാരക രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി പണവും തട്ടിയ 22 കാരനായ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

മെഡിക്കല്‍ കോളേജില്‍ പരിചയം മുതലെടുത്ത് ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ച് മാരക രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി പണവും തട്ടിയ 22 കാരനായ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. പി ജി ഡോക്ടറാണെന്ന് പറഞ്ഞാണ് യുവാവ് ചികിത്സ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെയാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ ഡോക്ടറെന്ന വ്യാജേന ചികിത്സനടത്തിയതും പറ്റിച്ചതും. മുന്‍ പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് നിഖില്‍ സ്‌റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്.
മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍ നിന്ന് നിഖില്‍ പണം തട്ടുകയായിരുന്നു. മാത്രമല്ല ഇയാളുടെ രക്ത സാംബിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയില്‍ സാംബിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. എന്നാല്‍ പരിശോധനാഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു ഇതില്‍ പന്തികേട് തോന്നി.
ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിച്ചു. ആള്‍മാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാള്‍ക്കെതിരേ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha