പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ ഇടയുണ്ട്. എന്നിരുന്നാലും ശത്രുവിന് മേൽ വിജയം, കോടതികാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം എന്നിവ അനുഭവത്തിൽ വരാം. യാത്രകളിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമുള്ള യാത്രകൾ മാത്രം ചെയ്യുക. മനഃശക്തി കുറയാനും രോഗങ്ങൾ കൂടാനും സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം കാരണം ഉറക്കമില്ലായ്മ, ദഹനക്കേട് എന്നിവ വരാം. ദാമ്പത്യ കലഹങ്ങൾക്കും മക്കളുടെ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾക്കും സാധ്യതയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): തൊഴിൽ സംബന്ധമായി പുരോഗതി ഉണ്ടാകുന്ന വാരമാണിത്. സർക്കാർ സംബന്ധമായി ഗുണാനുഭവങ്ങൾ ഉണ്ടാകും. എങ്കിലും ഉദര സംബന്ധമായ പ്രശ്നങ്ങൾ വരാതെ നോക്കണം. കേസ് വഴക്കുകൾ ഉണ്ടായാലും കോടതി വിധി അനുകൂലമായിരിക്കും. പിണങ്ങിയിരുന്ന ദമ്പതികൾ വീണ്ടും ഒന്നിക്കാനുള്ള തീരുമാനം ഉണ്ടാകും. ശയനസുഖം, വിവാഹം നടക്കാനും നടത്തി കൊടുക്കാനും അവസരം എന്നിവയുണ്ടാകും. ദീർഘകാലമായുള്ള പ്രേമബന്ധം വിവാഹത്തിൽ എത്തിച്ചേരാം. ബന്ധുജന പ്രീതിയും ശരീര സുഖവും പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): വാഹനഭാഗ്യമുള്ള വാരമാണിത്; പുതിയ വാഹനം വാങ്ങാൻ പറ്റിയ സമയം. ജോലിയിൽ ഉയർന്ന പദവി ലഭിക്കും. മേലധികാരിയിൽ നിന്നും പ്രശംസയും സമ്മാനവും പ്രതീക്ഷിക്കാം. നല്ല പങ്കാളിയെ കണ്ടുമുട്ടും. ദീർഘകാലമായ രോഗദുരിതത്തിന് ശാന്തി ലഭിക്കും. സ്വത്തു തർക്കങ്ങളിൽ പരിഹാരമുണ്ടാകും. കടമായി കൊടുത്തു നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെ ലഭിക്കും. ശത്രുതയിൽ ഉണ്ടായിരുന്നവർ തെറ്റ് മനസ്സിലാക്കി മിത്രങ്ങളാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാനും കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാനും സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഗുണദോഷ സമ്മിശ്രമായ വാരമായിരിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്; ശരീരശോഷണം കണ്ടാൽ വിദഗ്ദ്ധ പരിശോധന നടത്തുന്നത് നന്നായിരിക്കും. മാതാപിതാക്കൾക്കോ ആ സ്ഥാനത്തുള്ളവർക്കോ കഷ്ടതകൾ വരുന്ന സമയമാണ്. വരവിൽ കവിഞ്ഞ ചെലവ് പ്രതീക്ഷിക്കാം. എന്നിരുന്നാലും തൊഴിൽ അന്വേഷിക്കുന്നവർക്ക് ഉചിതമായ ജോലി ലഭിക്കും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കും. വാരം അവസാനത്തോടെ രോഗമുക്തിയും വിവാഹകാര്യങ്ങളിൽ തീരുമാനവും ഉണ്ടാകും. സന്താനഭാഗ്യത്തിനും സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ നേത്ര സംബന്ധമായ രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ തേടേണ്ടി വന്നേക്കാം. വാരമധ്യത്തോടെ പല കാര്യങ്ങളിലും അസാമാന്യമായ ചിന്താശക്തിയും ധൈര്യവും പ്രകടിപ്പിക്കും. എല്ലാ കാര്യങ്ങളിലും പോസിറ്റീവായി ഇടപെടുകയും അതിൽ വിജയിക്കുകയും ചെയ്യും. വാഹന ഭാഗ്യം, സൽസുഹൃത്തുക്കൾ, ഭക്ഷണ സുഖം എന്നിവ ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്നുള്ള പിന്തുണ ആത്മവിശ്വാസം വർദ്ധിപ്പിക്കും. എന്നാൽ വാരം അവസാനം ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾക്കും വാതരോഗങ്ങൾക്കും സാധ്യതയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ഹൃദ്രോഗം, നേത്രരോഗം എന്നിവയുള്ളവർ വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. ദാമ്പത്യ-സന്താന സുഖഹാനി ഉണ്ടാവാൻ ഇടയുണ്ട്. അന്യദേശവാസം അനുഭവത്തിൽ വരുമെങ്കിലും ഉയർച്ച കുറഞ്ഞ അവസ്ഥയുണ്ടാകാം. മനഃശക്തി കുറയാനും യാത്രാക്ലേശങ്ങൾക്കും സാധ്യതയുണ്ട്. വാരമധ്യത്തോടെ ധനനേട്ടം, വ്യാപാര പുരോഗതി, ശത്രുഹാനി എന്നിവയുണ്ടാകും. വാരം അവസാനത്തോടെ ജലവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ അപകടങ്ങൾ ഉണ്ടാവാതെ വളരെയധികം സൂക്ഷിക്കണം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ ധനലാഭം, അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, ബാങ്ക് ലോൺ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. വാരമധ്യത്തോടെ ചില നിർണ്ണായക പ്രശ്നങ്ങൾ രൂപപ്പെടാം. കുടുംബാംഗങ്ങളുമായും പങ്കാളിയുമായും കലഹമോ അവർക്ക് അസുഖങ്ങളോ വരാൻ ഇടയുണ്ട്. വാരം അവസാനത്തോടെ തൊഴിൽ വിജയം, കീർത്തി, ഉല്ലാസയാത്രകൾ എന്നിവ വന്നുചേരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഗുണദോഷ സമ്മിശ്രമായ വാരമാണിത്. വാരത്തിന്റെ തുടക്കത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ മൂലം മാനസിക പിരിമുറുക്കം, ധനനഷ്ടം, രോഗാവസ്ഥ എന്നിവയുണ്ടാകാം. തെറ്റിദ്ധാരണയുടെ പേരിൽ പിണങ്ങിയിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ പുനസ്സമാഗമം ഉണ്ടാകാൻ സാധ്യതയുണ്ട്. വാരമധ്യത്തോടെ രോഗശാന്തി, മനഃശാന്തി, നിദ്രാ സുഖം എന്നിവ അനുഭവപ്പെടും. സാമ്പത്തികമായി നേട്ടം ലഭിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് മെച്ചപ്പെടാനും സാധ്യതയുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ഭക്ഷണ സുഖം, അപ്രതീക്ഷിതമായ ബന്ധുജന സമാഗമം എന്നിവ പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരികെ ലഭിക്കും. പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. എന്നാൽ വാരമധ്യത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ധനനഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കുക. വാരം അവസാനത്തോടെ രോഗങ്ങൾക്ക് ശമനം, തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം എന്നിവ ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാൻ അവസരമുണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദമ്പതികൾക്കിടയിൽ ഐക്യവും ദാമ്പത്യത്തിൽ സമാധാനവും ഉണ്ടാകും. എല്ലായിടത്തും മാന്യതയും മനഃസുഖവും അനുഭവപ്പെടും. കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ യോഗമുണ്ട്. പുതിയ കരാർ ജോലികളിൽ ഒപ്പുവെക്കാൻ അവസരം ലഭിക്കും. ആടയാഭരണങ്ങളുടെ വർദ്ധനവുണ്ടാകാം. ഏറ്റെടുത്ത പ്രവർത്തികൾ ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക അനിശ്ചിതത്വം മാറി ലാഭമുണ്ടാകും. എന്നാൽ വാരം അവസാനം പണം, ചെക്ക് മുതലായവ കൈകാര്യം ചെയ്യുമ്പോൾ ചതി പറ്റാതെ ശ്രദ്ധിക്കണം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ കേസ് വഴക്കുകൾക്ക് സാധ്യതയുണ്ട്; ആമാശയ സംബന്ധമായ അസുഖമുള്ളവർ ജാഗ്രത പാലിക്കുക. വാരമധ്യത്തോടെ കുടുംബ സൗഖ്യം, തൊഴിൽ വിജയം, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പ്രമോഷൻ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതി, കീർത്തി, ശത്രുഹാനി എന്നിവ സംഭവിക്കും. ചില ആടയാഭരണങ്ങൾ സമ്മാനമായി ലഭിക്കാം. രാഷ്ട്രീയക്കാർക്കും കലാകാരന്മാർക്കും പേരും പ്രശസ്തിയും ലഭിക്കും. വിവാഹ ഭാഗ്യം, ഭൂമി വർദ്ധനവ്, ധനനേട്ടം എന്നിവയുണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമായേക്കാം. കോടതി വ്യവഹാരങ്ങൾ സങ്കീർണ്ണമാവാതെ ശ്രദ്ധിക്കുക; ഉദരരോഗങ്ങൾ സൂക്ഷിക്കണം. എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. ഉത്തരവാദിത്തം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം പ്രതീക്ഷിക്കാം. വാരം അവസാനത്തോടെ തൊഴിൽ വിജയം, ബിസിനസ്സിൽ ലാഭം, ഭക്ഷണ സുഖം, വാഹന ഭാഗ്യം എന്നിവയുണ്ടാകും. കലാസാഹിത്യ മേഖലകളിൽ ഉള്ളവർക്ക് സമ്മാനങ്ങൾ ലഭിക്കാൻ യോഗമുണ്ട്.
"https://www.facebook.com/Malayalivartha























