'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...

ഒടുവിൽ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ മലയാളത്തിന്റെ അതുല്യ കലാകാരന്‍ ശ്രീനിവാസന് അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രതീകമായി കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു. 'എല്ലാവർക്കും നന്മകൾ നേരുന്നു' എന്ന് സത്യൻ അന്തിക്കാട് കുറിച്ച കടലാസാണ് വച്ചത്. മകന്‍ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.
അങ്ങേയറ്റം വൈകാരിക നിമിഷങ്ങള്‍ക്കാണ് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത്. അച്ഛന് അന്ത്യചുംബനം നല്‍കിയ ധ്യാന്‍ സത്യന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുന്ന ദൃശ്യവും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം അതീവ സങ്കടത്തോടെയാണ് ശ്രീനിവാസനെ യാത്രയാക്കിയത്. ചടങ്ങുകളിലെല്ലാം കരച്ചില്‍ അടക്കാന്‍ പാടുപെടുകയായിരുന്നു എല്ലാവരും. കാണുന്നവരെപ്പോലും കരയിപ്പിക്കുന്ന രംഗങ്ങളായിരുന്നു.അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസും പാടുപെടുകയായിരുന്നു.
https://www.facebook.com/Malayalivartha






















