ആലുവയില്‍ കാറില്‍ കടത്തിയ 43 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ആലുവില്‍ കാറില്‍ കടത്തിയ 43 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. മാനന്തവാടി അഞ്ചുകുന്ന് സ്വദേശികളായ ഇളംതൊട്ടയില്‍ അബ്ദുള്‍ ഖാദര്‍ (20), മണ്ണംകണ്ണി വീട്ടില്‍ അന്‍വര്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി എട്ടരയോടെ ബൈപ്പാസിന് സമീപമായിരുന്നു വാഹന പരിശോധന. ദേശീയപാത വഴി കുഴല്‍പ്പണം കടത്തുന്നതായി സി.ഐ. ടി.ബി. വിജയന് ശനിയാഴ്ച ഉച്ചയോടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.ഐ. പി.എ. ഫൈസലിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചിരുന്നു. വയനാട് രജിസ്‌ട്രേഷനുള്ള കെ.എല്‍. 72 1945 നമ്പര്‍ റിറ്റ്‌സ് കാറിലാണ് കുഴല്‍പ്പണവുമായി പ്രതികളെത്തിയത്. എറണാകുളത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കാണ് കാര്‍ വന്നത്. വാഹനം പൂര്‍ണമായി പരിശോധിച്ചെങ്കിലും പണം കണ്ടെത്തിയില്ല. എന്നാല്‍, പ്രതികളുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇവരെ സ്‌റ്റേഷനിലെത്തിച്ച് വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്.
1000ത്തിന്റെയും 500ന്റെയും നോട്ടുകെട്ടുകളായിരുന്നു. വയനാട് ദിയേ്രടഡേഴ്‌സില്‍ നിന്ന് എറണാകുളത്ത് സക്കറിയ എന്നയാള്‍ക്ക് കുരുമുളക് നല്‍കിയ ഇനത്തില്‍ ലഭിച്ച തുകയാണെന്നായിരുന്നു പ്രതികളുടെ മറുപടി. കോട്ടയം കുറുപ്പന്തറയിലെ സിജിട്രേഡേഴ്‌സിലേക്ക് 43 ലക്ഷം രൂപ അബ്ദുള്‍ ഖാദറിന്റെ കൈവശം കൊടുത്തുവിടുന്നതായി സൂചിപ്പിക്കുന്ന ഒരു കത്ത് വാഹനത്തില്‍ നിന്ന് ലഭിച്ചു. ദിയ േട്രഡേഴ്‌സ് ഉടമ റഫീക്കിന്റെ പേരിലാണ് കത്തെഴുതിയിട്ടുള്ളത്. കുറുപ്പന്തറയിലേക്ക് പണം കൊടുത്തുവിടുന്നുവെന്നാണ് കത്തിലെങ്കിലും വാഹനം എതിര്‍ദിശയില്‍ സഞ്ചരിച്ചത് പണം അനധികൃതമാണെന്നതിന് തെളിവാണെന്ന് പോലീസ് പറയുന്നു.
പിടിയിലായവര്‍ നല്‍കിയ നമ്പറില്‍ പോലീസ് റഫീക്കിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. റഫീക്കിന്റെ ഓഫീസില്‍ നിന്നു അറിയിച്ചതനുസരിച്ചെന്ന് അവകാശപ്പെട്ട് പിടിയിലായവരെ പുറത്തിറക്കാന്‍ കുറുപ്പന്തറയില്‍ നിന്നു രണ്ട് പേര്‍ സ്‌റ്റേഷനിലെത്തിയിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ പിന്നീട് ഹാജരാക്കുമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. മൊഴിയിലെ വൈരുദ്ധ്യങ്ങളും ദുരൂഹതയും ഒഴിവാകാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറി.
സി.ഐ.ക്കും എസ്.ഐ.ക്കും പുറമെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോര്‍ജ് മാത്യു, സി.പി.ഒ. സജി, രാജീവ്, സിജന്‍, സുരേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























