പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മുഖ്യനുമായി കൂടിക്കാഴ്ച നടത്തി, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് പെമ്പിളൈ ഒരുമ, ഉമ്മന്‍ ചാണ്ടി മുന്നോട്ടുവച്ച പാക്കേജ് അംഗീകരിക്കും

മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ആറംഗ സംഘമാണു ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിനു മുന്നോടിയായി തങ്ങളുടെ ആവശ്യങ്ങള്‍ ബോധിപ്പിക്കുന്നതിനായാണ് ഇവര്‍ മുഖ്യമന്ത്രിയെ കണ്ടത്. അതേസമയം, തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ ദിവസക്കൂലി നല്‍കാനാകില്ലെന്ന നിലപാടില്‍ തോട്ടം ഉടമകള്‍ ഉറച്ചുനില്‍ക്കുകയാണ്.
ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അദ്ദേഹം മുന്നോട്ടുവച്ച പാക്കേജ് അംഗീകരിക്കും. ദിവസക്കൂലി സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ പറഞ്ഞു. സംസ്ഥാനത്തെ തോട്ടം തൊഴിലാളി സമരത്തില്‍ ഇന്ന് സെക്രട്ടേറിയറ്റില്‍ നിര്‍ണയകചര്‍ച്ച നടക്കാനിരിക്കെയാണ് സ്ത്രീ തൊഴിലാളികള്‍ മുഖ്യമന്ത്രിയെ കണ്ടത്.
ഒന്‍പതുനാള്‍ നീണ്ട മൂന്നാര്‍ സമരത്തിനുശേഷമുള്ള മൂന്നാമത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗമാണ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഏറ്റവും ശക്തമായ സമരം നടക്കുന്ന മൂന്നാറില്‍ ട്രേഡ് യൂണിയന്‍ നേതാക്കളും സ്ത്രീകൂട്ടായ്മ പ്രതിനിധികളും ദിവസങ്ങളായി രാപ്പകല്‍ നിരാഹാരത്തിലാണ്.
തോട്ടം ഉടമകള്‍ ഇന്നലെ യോഗം ചേര്‍ന്നു നിലപാട് വ്യക്തമാക്കിയിരുന്നു. നേരത്തെയും 500 രൂപ ദിവസക്കൂലി നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു തോട്ടം ഉടമകളുടെ നിലപാട്. ഇതേ തുടര്‍ന്നു മുന്‍പ് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു തൊഴിലാളികള്‍ വീണ്ടും സമരം തുടങ്ങിയത്. നിലവില്‍ 232 രൂപ മാത്രമാണ് വേതനം നല്‍കുന്നതെന്ന വാദം തെറ്റാണ്.
ഉല്‍പാദനക്ഷമത വര്‍ധിച്ചാല്‍ മാത്രമേ ഏതെങ്കിലും രീതിയിലുള്ള വര്‍ധനയ്ക്കു കഴിയൂ. ഉല്‍പ്പാദനം വര്‍ധിച്ചാല്‍പ്പോലും വേതനം 500 രൂപയാക്കുക അസാധ്യമാണെന്നാണ് തോട്ടമുടമകള്‍ വ്യക്തമാക്കുന്നത്. അതേസമയം, വേതനം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് തൊഴിലാളികളുടെ സംഘടകളുടെ നിലപാട്.
പി.എല്‍.സി. യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. ഉടമകള്‍ വഴങ്ങുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ ഇടക്കാലാശ്വാസം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ദിവസേന 100 രൂപ ഇടക്കാലാശ്വാസമായി നല്‍കാനാണ് ആലോചനയിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























